UPDATES

ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത്‌: മുഖ്യമന്ത്രിയെ വിളിപ്പിച്ചതിനെതിരെ സിപിഎം

ഭരണഘടനാപരമായി ഗവര്‍ണര്‍ പദവി ആലങ്കാരികമായ ഒന്നാണ്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആയുധമായി ഗവര്‍ണറെ, തിരഞ്ഞെടുക്കപ്പെട്ട ഇതര പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ക്കെതിരെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക്‌നാഥ് ബെഹ്രയേയും വിളിച്ചുവരുത്തി വിശദീകരണം തേടിയ നടപടിയില്‍ ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ വിമര്‍ശനവുമായി സിപിഎം. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ക്രമമസാധാനം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതായതിനാല്‍ അതില്‍ തലയിടാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ദേശാഭിമാനിയില്‍ എഴുതിയ ‘സമാധാന കേരളവും ഇടതുപക്ഷവും’ എന്ന ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ വലിയ വിവാദമുണ്ടാക്കുമായിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൗരവമുള്ളതും സൗഹാര്‍ദപരവുമായിരുന്നു. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമന്‍’ ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയേയും ഫെഡറല്‍ സംവിധാനത്തേയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നു – കോടിയേരി പറഞ്ഞു. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം ഉറപ്പുവരുത്താനായി ഗവര്‍ണര്‍ നടത്തിയ ഇടപെടലുകളെ സംസ്ഥാന സര്‍ക്കാരുമായുള്ള യുദ്ധപ്രഖ്യാപനത്തിന്റെ പോര്‍മുഖമായി കാണേണ്ടതില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഭിന്നതയില്ലാതെ ഇടപെട്ടത്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍ മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും കോടിയേരി ഓര്‍മിപ്പിച്ചു.

ഭരണഘടനാപരമായി ഗവര്‍ണര്‍ പദവി ആലങ്കാരികമായ ഒന്നാണ്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആയുധമായി ഗവര്‍ണറെ, തിരഞ്ഞെടുക്കപ്പെട്ട ഇതര പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ക്കെതിരെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രത്തിലെ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരാകട്ടെ, പല സംസ്ഥാന ഗവര്‍ണര്‍മാരെയും സങ്കുചിത രാഷ്ട്രീയനേട്ടത്തിനും സര്‍ക്കാരുകളെ അട്ടിമറിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ മോഹമുള്ളവരാണ് മോദി ഭരണവും സംഘപരിവാറും. ഈ രാഷ്ട്രീയമെല്ലാം തിരിച്ചറിയാനുള്ള പക്വത എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുണ്ടെന്നും കോടിയേരി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍