UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഡംബരജീവിതവും മോശം പെരുമാറ്റങ്ങളും: രാജ്യസഭ എംപി ഋതബ്രത ബാനര്‍ജിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

ലക്ഷങ്ങള്‍ വിലയുള്ള ആപ്പിള്‍ വാച്ചും മോണ്ട് ബ്ലാങ്ക് പേനയുമായി ഇരിക്കുന്ന ഋതബ്രത ബാനര്‍ജിയുടെ ഫോട്ടോ പാര്‍ട്ടി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ അമര്‍ഷമുണ്ടാക്കുകയും മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ആഡംബര ജീവിതവും താന്‍പ്രമാണിത്തവും മോശം പെരുമാറ്റങ്ങളും ചൂണ്ടിക്കാട്ടി രാജ്യസഭ എംപി ഋതബ്രത ബാനര്‍ജിയെ സിപിഎം പശ്ചിമബംഗാള്‍ ഘടകം സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്ര പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഈയടുത്ത് മമത ബാനര്‍ജി സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റിലേയ്ക്ക് (നബന്ന) നടത്തിയ മാര്‍ച്ചില്‍ ഉള്‍പ്പടെ ഋതബ്രതയുടെ മനോഭാവങ്ങളും പെരുമാറ്റങ്ങളും പാര്‍ട്ടിക്കകത്ത് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നതായാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എസ്എഫ്‌ഐ മുന്‍ ദേശീയ സെക്രട്ടറിയായ ഋതബ്രത ബാനര്‍ജി 2014 മുതല്‍ രാജ്യസഭാംഗമാണ്. ലക്ഷങ്ങള്‍ വിലയുള്ള ആപ്പിള്‍ വാച്ചും മോണ്ട് ബ്ലാങ്ക് പേനയുമായി ഇരിക്കുന്ന ഋതബ്രത ബാനര്‍ജിയുടെ ഫോട്ടോ പാര്‍ട്ടി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ അമര്‍ഷമുണ്ടാക്കുകയും മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലുള്‍പ്പടെ ഇത് ചര്‍ച്ചയാക്കിയ ഇടതുപക്ഷ അനുഭാവിയായ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ കമ്പനിയ്ക്ക് ഋതബ്രത അയച്ച ഇ മെയില്‍ വലിയ വിവാദമായി മാറി. പാര്‍ട്ടിയില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ഋതബ്രതയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍