UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മമത റാലി നടത്തിയ സ്ഥലത്ത് പ്രതിപക്ഷ റാലിക്ക് സിപിഎം; കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന്‌ യെച്ചൂരി

മമതയുടെ റാലിയിലേതിനേക്കാള്‍ വലിയ ജനപങ്കാളിത്തമായിരിക്കും സിപിഎമ്മിന്റെ റാലിക്കുണ്ടാവുകയെന്ന് സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്ര അവകാശപ്പെട്ടു.

മമത ബാനര്‍ജിക്ക് പിന്നാലെ കൊല്‍ക്കത്തയില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യ റാലി സംഘടിപ്പിക്കാന്‍ സിപിഎമ്മും. തൃണമൂലിന്റെ റാലിയില്‍ സിപിഎം ഇല്ലാതിരുന്നത് പോലെ സിപിഎമ്മിന്റെ റാലിയില്‍ തൃണമൂലും ഉണ്ടാവില്ല. ബ്രിഗേഡ് പരേഡ് ഗ്രൌണ്ടില്‍ തന്നെയാണ് സിപിഎമ്മും റാലിക്കൊരുങ്ങുന്നത്. കേന്ദ്രത്തില്‍ ബിജെപിയേയും ബംഗാളില്‍ തൃണമൂലിനേയും പുറത്താക്കുകയാണ് ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പശ്ചിമബംഗാളിലെ നോര്‍ത്ത് ദിനജ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒഴികെയുള്ള പാര്‍ട്ടികളുമായി ധാരണയ്ക്ക് തയ്യാറാണ്. കോണ്‍ഗ്രസിന്റെ തീരുമാനം അറിയേണ്ടതുണ്ട്. ഞങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണോ എന്ന് വ്യക്തമാകണം. ഫെബ്രുവരി മൂന്നിന് കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലേയ്ക്ക് തൃണമൂലിനേയും ബിജെപിയേയും എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളേയും സ്വാഗതം ചെയ്യുന്നതായും യെച്ചൂരി അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സഖ്യത്തെ പറ്റി ചര്‍ച്ച ചെയ്യുക.

മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യ റാലി വെറും ഷോ ഓഫ് മാത്രമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. മമതയുടെ റാലിയിലേതിനേക്കാള്‍ വലിയ ജനപങ്കാളിത്തമായിരിക്കും സിപിഎമ്മിന്റെ റാലിക്കുണ്ടാവുകയെന്ന് സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്ര അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍