UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഞ്ചിയത്ത് ആര്‍എംപിക്കാരെ സിപിഎമ്മുകാര്‍ ആക്രമിച്ചതായി പരാതി

ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച് മടങ്ങവെ ഏഴോളം പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ പറയുന്നു.

ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആര്‍എംപി ആരോപിച്ചു. ആര്‍എംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട ഫ്ളക്സ് ബോഡുകള്‍ വ്യാപകമായി നശിപ്പിക്കുകയും രണ്ട് ആര്‍എംപി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ കുന്നുമ്മക്കര ഇളമ്പങ്കോട് ശിവ ക്ഷേത്രത്തിന് സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ആര്‍എംപി പ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. കുന്നുമ്മക്കര പാലയാട്ടുകുനി വിഷ്ണുവും സുഹൃത്ത് ഗണേശനുമാണ് ആക്രമണത്തിന് ഇരയായത്.

ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച് മടങ്ങവെ ഏഴോളം പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നും പ്രതികളെ കണ്ടാലറിയാമെന്നും വിഷ്ണു വ്യക്തമാക്കി. വിഷ്ണുവിന്റെ കാലില്‍ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് തോളില്‍ മര്‍ദ്ദിക്കുകയുമായിരുന്നു. വിഷ്ണു ഇപ്പോള്‍ വടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എടച്ചേരി പൊലീസ് കേസെടുത്തു.

ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരിയിലും പരിസരപ്രദേശങ്ങളിലും ആര്‍എംപി സ്ഥാപിച്ച പോസ്റ്ററുകളും കഴിഞ്ഞദിവസം നശിപ്പിക്കപ്പെട്ടു. വെള്ളികുളങ്ങര മുതല്‍ ഓര്‍ക്കാട്ടേരി വരെ സ്ഥാപിച്ച ഫ്ളക്സ് പോര്‍ഡുകളാണ് നശിപ്പിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരിയില്‍ ഇന്ന് ആര്‍എംപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നുവൈകുന്നേരം ആര്‍എംപിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രതിഷേധ പ്രകടനം നടക്കും. കഴിഞ്ഞദിവസമാണ് പോസ്റ്ററുകള്‍ നശിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍