UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയത്ത് സംഘര്‍ഷം തുടരുന്നു; ബിജെപി – സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആക്രമണം

ഞായറാഴ്ച രാത്രി മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതോടെയാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്

കോട്ടയം ജില്ലയിലെ ചിറക്കടവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിനു പിറകെ കോട്ടയം ജില്ലയുടെ മണക്കാട് ചിറക്കടവ് മേഖലയില്‍ സംഘര്‍ഷം. ബിജെപി- സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് ചേരിതിരിഞ്ഞ് അക്രമണം നടന്നത്. അഞ്ചോളം വീടുകളും ബസ്, കാര്‍, ലോറി, ബൈക്ക്, ഓട്ടോ എന്നിവ ഉള്‍പ്പെടെ വാഹനങ്ങളും ആക്രമണത്തിനിരയായി. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്ത് പോലിസ് സാന്നിധ്യം നിലനില്‍ക്കെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

യുവമോര്‍ച്ച് സൗത്ത് മണ്ഡലം പ്രസിഡന്റ് കൈലാത്തുക്കവല ശ്രീരാജിന്റെ വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും നേരെയാണ് ആക്രമണമുണ്ടായി. സമീപവാസിയായ അരുണ്‍ സാബുവിന്റെ ബൈക്കം അക്രമികള്‍ നശിപ്പിച്ചു. ഇതിനിടെ ചെറുവള്ളിയിലെ ഡി വൈഎഫ് ഐ പ്രവര്‍ത്തകന്‍ പ്രവീണിന്റെ വീടിനുനേരെ നടന്ന കല്ലേറില്‍ കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകരുകയും വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഓട്ടോയ്ക്ക് കേടുപാടു സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം ചെറുവള്ളി ലോക്കല്‍ കമ്മിറ്റിയംഗം കാവുങ്കല്‍ എആര്‍ വാസുദേവന്‍ പിള്ളയുടെ വീടിനു നേരെയും ഒരു സംഘം ആക്രമണം നടത്തി. വാഹനങ്ങളിലെത്തിയ സംഘം കമ്പിവടി ഉപയോഗിച്ച് ജനല്‍ ചില്ലുകളും മറ്റും തല്ലി തകര്‍ക്കുകയായിരുന്നു. ഗ്രാമദീപം കറ്റുവീട്ടിക്കല്‍ രാധാകൃഷ്ണന്റെ വസതിക്കുനേരെയും ആക്രമണം ഉണ്ടായി. സംഭവത്തില്‍ വീട്ടുമുറ്റത്തു്ണ്ടായിരുന്ന രണ്ടു കാറുകളുടെ ചില്ലുകളും തകര്‍ന്നു. ഗ്രാമദീപത്തെ തന്നെ മറ്റൊരു സിപിഎം പ്രവര്‍ത്തകനായ ഓതറയില്‍ സോമന്റെ വീടിനു നേരെയും ആക്രമണം നടന്നു.

ഇതോടൊപ്പം ബിജെപി പ്രവര്‍ത്തകരായ മോഹനന്‍ നായരുടെ ബന്ധു വീടിനും പുഷ്പദാസ്, ചിറക്കടവ് സെന്ററിലെ അജി ചിറക്കടവിന്റെ ലോറിയും ബിജെപി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ബി ഹരിലാലിന്റെ ടൂറിസ്റ്റ് ബസിന്റെ ചില്ലുകളും അക്രമങ്ങള്‍ക്കിടെ കല്ലെറിഞ്ഞ് തകര്‍ത്തു. സംഭവങ്ങള്‍ക്ക് പിറകെ ആക്രമങ്ങളുടെ ഉത്തരവാദിത്വം പരസ്പരം ആരോപിച്ച് ബിജെപിയും സിപിഎമ്മും രംഗത്തെത്തി. ഞായറാഴ്ച രാത്രി 9.30ന് ചിറക്കടവ് ക്ഷേത്രത്തിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതോടെയാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍