UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം തീരദേശത്തെ അക്രമവാഴ്ച അവസാനിപ്പിക്കാൻ ലീഗ് നേതൃത്വം ഇടപെടണം: സിപിഎം

ഇതിനോടകം അമ്പതിലധികം സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കാണ് പരിക്കേറ്റു

ഉണ്യാലിലും സമീപ പ്രദേശങ്ങളിലും സമാധാന ജീവിതം തകർത്ത് അക്രമവാഴ്ച നടത്തുന്ന മുസ്ലിംലീഗിലെ ക്രിമിനലുകളെ ഉടൻ പിടികൂടണമെന്നും അക്രമികളെ നിലക്കു നിർത്താൻ നേതൃത്വം തയ്യാറാകണമെന്നും സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ വലിയ കമ്മുട്ടകത്ത് നിസാറിനെ ലീഗ് ക്രിമിനൽ സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞവർഷം ഉണ്യാൽ ടെസ്റ്റിങ് ഗ്രൗണ്ടിൽ ലീഗുകാർ നടത്തിയ അക്രമത്തിലും നിസാറിന് സാരമായി പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായി ദിവസങ്ങൾ കഴിയുംമുമ്പാണ് നിസാറിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ ആക്രമണം അഴിച്ചുവിട്ടത്.

തീരദേശ മേഖലയിൽ സ്വൈര ജീവിതം തകർത്ത് ലീഗ് അക്രമിസംഘം അഴിഞ്ഞാടുകയാണ്. പറവണ്ണ ആലിൻചുവട് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ സംഘമാണ് അക്രമങ്ങൾക്ക് പിന്നിൽ. കാലങ്ങളായി തീരദേശത്തിന്റെ സ്വൈര്യം കെടുത്തുന്ന ഇവർക്ക് ഒത്താശ ചെയ്യുന്നത് ലീഗിലെ ഒരു വിഭാഗം ഉന്നത നേതാക്കളാണ്. ഇതിനോടകം അമ്പതിലധികം സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്. തങ്ങൾക്ക് എതിരായി നിൽക്കുന്നവരേയെല്ലാം ആക്രമിക്കാനാണ് ലീഗ് മുതിരുന്നത്. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു ശേഷം അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഈ മേഖലയിൽ ലീഗ് പയറ്റുന്നത്. സ്വാധീനകേന്ദ്രങ്ങളിലുണ്ടായ വിള്ളലിൽ ലീഗ് പാഠം പഠിക്കാൻ തയ്യാറാകണം. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി അബ്ദുറഹിമാനെ അക്രമിച്ചും ഇവർ ജനാധിപത്യത്തിന് ഭീഷണിയുയർത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിരവധി തവണ ലീഗിന്റെ കയ്യേറ്റത്തിനിരയായി.

പാവപ്പെട്ട മത്സ്യതൊഴിലാളികൾ ഏറെയുള്ള പ്രദേശത്ത് സമാധാനം പുലരേണ്ടത് നാടിന്റെയാകെ ആവശ്യമാണ്. ഇതിന് തടസ്സം നിൽക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ശക്തമായ നിയമ നടപടികൾക്ക് വിധേയമാക്കണമെന്നും അക്രമവാഴ്ച അവസാനിപ്പിക്കാൻ ലീഗ് നേതൃത്വം ഇടപെടണമെന്നും സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍