UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ബിജെപി ഭാഗോ, ദേശ് ബച്ചാവോ”: ലാലുവിന്റെ റാലിയില്‍ പങ്കെടുക്കില്ലെന്ന് സിപിഎമ്മും

സിപിഎമ്മിന്റെ നടപടി പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അത് നിതീഷ് കുമാര്‍ കാണിച്ച രാഷ്ട്രീയ വഞ്ചനയില്‍ നിന്ന് ഒട്ടും കുറവല്ലെന്നും ഒരു മുതിര്‍ന്ന ആര്‍ജെഡി നേതാവ് അഭിപ്രായപ്പെട്ടു.

ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയില്‍ നടത്താനിരുന്ന ബിജെപി ഭാഗോ ദേശ് ബച്ചാവോ (ബിജെപിയെ ഓടിക്കൂ, രാജ്യത്തെ രക്ഷിക്കൂ) പ്രതിപക്ഷ റാലിയില്‍ നിന്ന് കോണ്‍ഗ്രസിനും മായാവതിയുടെ ബിഎസ്പിക്കും പിന്നാലെ സിപിഎമ്മും പിന്മാറിയതോടെ പ്രതിപക്ഷത്തിന് ക്ഷീണമായി. ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് വിളിച്ചുചേര്‍ത്ത റാലിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പത്തിനൊടുവിലാണ് പങ്കെടുക്കേണ്ടതെന്ന് സിപിഎം തീരുമാനിച്ചതെന്നാണ് സൂചന. അതേസമയം സിപിഎമ്മിന്റെ തീരുമാനം നിരാശാജനകമാണെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യ ശ്രമങ്ങളെ ഇത്തരം സമീപനങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്നും റാലിയില്‍ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. പ്രത്യേകിച്ചും ഹരിയാനയിലും പഞ്ചാബിലും വിവാദ ആള്‍ദൈവം ഗുര്‍മീത് രാം റഹീം സിംഗിന്റെ അറസ്റ്റിനെ തുടര്‍ന്ന് അരങ്ങേറുന്ന വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തില്‍. അതേസമയം റാലിയില്‍ പങ്കെടുക്കുമെന്ന് സിപിഐ വ്യക്തമാക്കി.

സിപിഎമ്മിന്റെ നടപടി പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അത് നിതീഷ് കുമാര്‍ കാണിച്ച രാഷ്ട്രീയ വഞ്ചനയില്‍ നിന്ന് ഒട്ടും കുറവല്ലെന്ന് ഒരു മുതിര്‍ന്ന ആര്‍ജെഡി നേതാവ് അഭിപ്രായപ്പെട്ടു. നിതീഷിന്റെ ജെഡിയു പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. ഇപ്പോള്‍ സിപിഎം ശത്രുക്കള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. സിപിഎമ്മിലെ വിഭാഗീയതയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് റാലിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ബിജെപിക്കെതിരായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്നതാണ് പ്രശ്‌നമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ലാലു വിളിച്ച് ചേര്‍ക്കുന്ന പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് സഖ്യമായി വ്യാഖ്യാനിക്കപ്പെടുമെന്നും അഴിമതിക്കാരുമായി കൂട്ടുകൂടുന്നു എന്ന പ്രതിച്ഛായ സൃഷ്ടിക്കുമെന്നും സിപിഎമ്മിലെ ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്നും റാലിയില്‍ പങ്കെടുക്കണമെന്നും മറ്റൊരു വിഭാഗം നേതാക്കള്‍ വാദിച്ചു.

അതേസമയം നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രശംസിക്കുകയും പലപ്പോഴും പിന്തുണക്കുകയും ചെയ്യുന്ന ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് സിപിഎം നിശബ്ദ പിന്തുണ നല്‍കുകയാണെന്ന് റാലി അനുകൂലികള്‍ ആരോപിക്കുന്നുണ്ട്. ഇത് ഇരട്ടത്താപ്പല്ലേ എന്നും അവര്‍ ചോദിക്കുന്നു. ജെഡിയു വിമത നേതാവ് ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കമ്മിറ്റിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അംഗമാകുന്നതിനെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. ‘ബഹുസ്വര സംസ്‌കാരം’ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 30ന് ഇന്‍ഡോറില്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ച സമ്മേളനത്തില്‍ യെച്ചൂരി പങ്കെടുക്കുന്നത് പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. യെച്ചൂരിയാണ് ഈ പരിപാടിയുടെ ആശയം മുന്നോട്ട് വച്ചതെന്ന് ശരദ് യാദവ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍