ഒരു വോട്ടര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പോളിംഗ് സ്റ്റേഷന് വിട്ടത്. തങ്ങള്‍ ദലിതരായതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാത്തത് എന്ന് ഇവര്‍ ആരോപിച്ചു.
തങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല എന്ന ദലിത് വോട്ടറുടെ പരാതി വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തിലാണ് സംഭവം. കൈരാനയിലെ ഷാംലി നയാ ബസാറിലാണ് ദലിത് വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തങ്ങളെ അപമാനിച്ചു എന്ന പരാതിയുമായി രംഗത്തെത്തിയത്. വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല എന്നാണ് ഇവരുടെ പരാതി. ഒരു വോട്ടര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പോളിംഗ് സ്റ്റേഷന് വിട്ടത്. തങ്ങള്‍ ദലിതരായതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാത്തത് എന്ന് ഇവര്‍ ആരോപിച്ചു.
അതേസമയം ആന്ധ്രപ്രദേശില്‍ ജനസേന പാര്‍ട്ടി എംഎല്‍എ വോട്ടിംഗ് യന്ത്രം അടിച്ചുതകര്‍ത്തു. ആന്ധ്രപ്രദേശിലെ ഗുണ്ടാക്കലിലാണ് സംഭവം. എംഎല്‍എ മധുസൂദന്‍ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. നടന് പവന് കല്യാണിന്റെ പാര്‍ട്ടിയാണ് ജന സേന.
ഗട്ടിയിലെ പോളിംഗ് കേന്ദ്രത്തില്‍ വോട്ട് ചെയ്യാനെത്തിയ മധുസൂദന്‍ ലോക്സഭ, നിയമസഭ മണ്ഡലങ്ങളുടെ പേരുകള്‍ ശരിയായി കൊടുത്തില്ല എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ക്രുദ്ധനായ മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം എടുത്തുപൊക്കി നിലത്തേയ്ക്ക് എറിയുകയായിരുന്നു.
ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ ടിഡിപി വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളുടേയും ഒരോ പ്രവര്‍ത്തകര്‍ വീതം കൊല്ലപ്പെട്ടു. പശ്ചിമ ഗോദാവരി ജില്ലയില്‍ ഒരു വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റു. ആന്ധ്രപ്രദേശിലെ ആകെയുള്ള 25 ലോക്സഭ സീറ്റുകളിലും 175 നിയമസഭ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.