UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഡാം തുറന്നു വിട്ടതിൽ വീഴ്ച പറ്റിയിട്ടില്ല’: സാമാന്യബുദ്ധി വെച്ച് ചിന്തിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ള

ഇടുക്കി, ഇടമലയാര്‍ ഡാമുകളാണ് കേരളം മുഴുവന്‍ ഉറ്റുനോക്കിക്കെണ്ടിരിക്കുന്നത്.

ഡാം തുറന്നു വിട്ടതില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. ഡാം തുറന്നു വിട്ടതാണ് കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപരമായ ചർച്ചകളിൽ അഭിപ്രായം പറയാൻ താൻ ആളല്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം മറുപടി ആരംഭിച്ചത്. ഡാമുകൾ തുറന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ കുറിച്ചുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നൂറു ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗര്‍ ഡാം തുറന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കെ എസ് ഇ ബിയുടെ പക്കലുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഇടുക്കി ഇടമലയാര്‍ ഡാമുകളാണ് കേരളം മുഴുവന്‍ ഉറ്റുനോക്കിക്കെണ്ടിരിക്കുന്നത്. ഈ ഡാമുകള്‍ തുറക്കുന്നതിനു മുമ്പായി എഞ്ചിനീയര്‍മാരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തി. അലര്‍ട്ട് ലെവലുകള്‍ തയ്യാറാക്കി അതാതു സമയങ്ങളില്‍ ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണസേനയെയും അറിയിച്ചിരുന്നു. അങ്ങനെയാണ് ഈ രണ്ടു ഡാമുകളും തുറന്നു വിട്ടതിനു പിന്നാലെ ഉണ്ടാകാനിടയുണ്ടായിരുന്ന ഇതിലും വലിയൊരു ദുരന്തമൊഴിവാക്കിയത്.

ബാണാസുര സാഗര്‍ ഡാമിനെക്കുറിച്ചുയര്‍ന്ന പരാമര്‍ശങ്ങളും സത്യത്തിനു നിരക്കാത്തതാണ്. ജൂലൈ 15നു ഇടുക്കി ഡാം ലെവല്‍ തീരുമാനിക്കുന്നതിനു മുമ്പു തന്നെ സാഗര്‍ ഡാമിന്റ റിസര്‍വോയര്‍ നിറഞ്ഞതിനെത്തുടര്‍ന്ന് സ്പില്‍ ചെയ്തു തുടങ്ങിയതാണ്.

സാധാരണ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെ 10 ശതമാനം ഹോൾഡ് ചെയ്യാൻ മാത്രമേ അണക്കെട്ടിന് കഴിയൂ.. പ്രളയം പോലൊരു സാഹചര്യത്തിൽ പെയ്യുന്ന മഴയുടെ 5 ശതമാവും. സാമാന്യ ബുദ്ധി വെച്ച് നിങ്ങൾ തന്നെ ആലോചിച്ചു പറയൂ, 5 ശതമാനം വെള്ളം തുറന്നുവിട്ട അണക്കെട്ടുകളാണോ അതോ 95 ശതമാനം ജലം സമതലത്തിലേക്ക് പെയ്തിറക്കിയ പെരുമഴയാണോ പ്രളയമുണ്ടാക്കിയതെന്ന്.. ? അദ്ദേഹം ചോദിച്ചു.

ചിത്രം : മാതൃഭൂമി ന്യൂസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍