UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാഗരിക ഘോഷിനേയും അരുന്ധതി റോയിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു

ഇവര്‍ക്കും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഗതിയുണ്ടാകും എന്നായിരുന്നു ഭീഷണി. ഡല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം സെല്ലാണ് ഭീഷണിപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞത്.

മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്, എഴുത്തുകാരായ ശോഭ ഡേ, അരുന്ധതി റോയ്, സാമൂഹ്യപ്രവര്‍ത്തകരായ കവിത കൃഷ്ണന്‍, ഷെഹ്ല റാഷിദ് എന്നിവര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. ഇവര്‍ക്കും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഗതിയുണ്ടാകും എന്നായിരുന്നു ഭീഷണി. ഡല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം സെല്ലാണ് ഭീഷണിപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തൂവെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

പൊലീസ് അന്വേഷിക്കുന്ന സൈബര്‍ കുറ്റകൃത്യകേസുകളില്‍ സോഷ്യല്‍ മീഡിയ വെബ് സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ താമസിച്ച് ലഭിക്കുകയോ ചിലപ്പോള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ സംഭവവികാസം നിര്‍ണായകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സാഗരിക ഘോഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ‘വിക്രമാദിത്യ റാണ’ എന്ന അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഡല്‍ഹി പോലീസിന് ഈ ഐപി വിലാസം ലഭ്യമായി.

‘ലങ്കേഷിനോട് അനുകമ്പയുടെ ഒരു കണികപോലുമില്ല എന്ന് മാത്രമല്ല, കൊലപാതകികള്‍ അവരുടെ ശരീരം വെടിയുണ്ടകള്‍ കൊണ്ട് തുണ്ടംതുണ്ടമാക്കുകയും അവരുടെ വീട് തകര്‍ക്കുകയും ചെയ്യണമായിരുന്നു. നമ്മുടെ രാജ്യത്തിന് അവരും അവരെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്ന് വിളിക്കുന്നവര്‍ക്കും ചേരുന്ന പ്രവൃത്തിയാണിത്,’ എന്നായിരുന്നു പ്രതിയുടെ ഒരു പോസ്റ്റ്. ‘ജേണലിസ്റ്റുകളും സാമൂഹ്യപ്രവര്‍ത്തകരുമായി പ്രച്ഛന്നവേഷം ധരിക്കുന്ന ദേശവിരുദ്ധര്‍ക്ക് ഒരു ഉദാഹരണമായി ഗൗരി ലങ്കേഷിനെ വെടിവെച്ചത് മാറട്ടെ. ഇത് അവസാനത്തേതാവില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ ദേശവിരുദ്ധരെയും വെടിവെച്ചുകൊല്ലുന്ന പരമ്പരകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ദേശവിരുദ്ധരിലും വഞ്ചകരായ രാഷ്ട്രീയക്കാരിലും ആരംഭിക്കുന്ന പട്ടികയുടെ അവസാനം, ശോഭ ഡേ, അരുന്ധതി റോയ്, സാഗരിക ഘോഷ്, കവിത കൃഷ്ണന്‍, ഷെഹ്ല റഷീദ് മുതലായവരായിരിക്കണം. ഇതിനായി ഒരു പട്ടിക തയ്യാറാക്കുകയും പട്ടികയില്‍ ഉള്ളവരെല്ലാം ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യണം. അവസാനം പ്രതീക്ഷയുടെ ഒരു കിരണം,’ എന്നാണ് മറ്റൊരു പോസ്റ്റ്.

പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ ഇട്ടതിന് ശേഷം ഡല്‍ഹി പൊലീസിനോട് നടപടിയെടുക്കാന്‍ സാഗരിക ഘോഷ് ആവശ്യപ്പെട്ടിരുന്നു. ആക്രമണ പട്ടികയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനേയും ഉള്‍പ്പെടുത്തണമെന്ന് മറ്റൊരു പോസ്റ്റില്‍ പ്രതി ആവശ്യപ്പെട്ടിരുന്നു. ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ വീട്ടില്‍ വച്ച് സെപ്റ്റംബര്‍ അഞ്ചിനാണ് അജ്ഞാതര്‍ വെടിവെച്ചു കൊന്നത്. കേസില്‍ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍