UPDATES

പ്രവാസം

നിപ: കേരളത്തിലേക്ക് പോകരുതെന്ന് ബഹ്‌റൈനും യു എ ഇയും

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ കേരളത്തിലെ ഓഫീസ് കേരളത്തിലുള്ള എമിറാത്തികളോട് എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടാൻ പറഞ്ഞിട്ടുണ്ട്

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബഹ്റൈനികളോട് കേരളത്തിലേക്ക് പോകരുത് എന്ന് മുംബൈയിൽ ഉള്ള ബഹ്‌റൈൻ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. ബഹ്‌റൈൻ ട്വീറ്റ് ചെയ്തതിനു പുറകെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ കേരളത്തിലെ ഓഫീസ് കേരളത്തിലുള്ള എമിറാത്തികളോട് എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടാൻ പറഞ്ഞിട്ടുണ്ട്. എമിറാത്തി ഓഫീസിലെ ത്വാജൂദി സേവനം വഴിയോ നേരിട്ടോ ആണ് ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേ സമയം നിപാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻകരുതൽ എടുക്കുകയും ജാഗ്രത പുലർത്തുകയും വേണമെങ്കിലും പരിഭ്രാന്തിക്ക് ഒരടിസ്ഥാനവുമില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നാം കുടുങ്ങിപ്പോകരുത്. ഭീതിയുണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാൽപര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇതുവരെ 11 പേര്‍ നിപ വൈറസ് മൂലം മരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു. 22 പേര്‍ ചികിത്സയിലാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലേക്ക് യാത്ര ഒഴിവാക്കാനും ആരോഗ്യവകുപ്പ് അറിയിപ്പില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍