UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുത്: വാട്‌സ് ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി

ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് വരെയാണ് സുപ്രീംകോടതിയുടെ നിയന്ത്രണം. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇരു കമ്പനികളോടും ആവശ്യപ്പെട്ടു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറരുതെന്ന് വാട്‌സ് ആപ്പിനും ഫേസ്ബുക്കിനും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് വരെയാണ് സുപ്രീംകോടതിയുടെ നിയന്ത്രണം. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇരു കമ്പനികളോടും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എകെ സിക്രി, അമിതാവ റോയ്, എഎം ഖന്‍വില്‍കര്‍, എംഎം ശാന്തനഗൗഡര്‍ എന്നിവരാണ് ബഞ്ചിലുള്ളത്. സത്യവാങ്മൂലം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോ എന്ന് ആലോചിക്കുമെന്നും ഭരണഘടനാബഞ്ച് വ്യക്തമാക്കി. 2016ലെ വാട്‌സ് ആപ്പ് പ്രൈവസി പോളിസിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കര്‍മണ്യ സിംഗ് സരീന്‍, നിയമ വിദ്യാര്‍ത്ഥി ശ്രേയ സേഥി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കമ്പനികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കപില്‍ സിബലും അരവിന്ദ് ദത്തറും വാദിച്ചു. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അവര്‍ പറഞ്ഞു. വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍, ഉപയോഗിക്കുന്ന ഫോണ്‍ മോഡല്‍, അവസാനത്തെ ഉപയോഗം, രജിസ്‌ട്രേഷന്‍ ഐഡി എന്നിവ മാത്രമാണ് ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നത്. 200 കോടി പേര്‍ ലോകത്ത് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്വകാര്യത സംബന്ധിച്ച് പരാതിയുള്ളതെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ബഹുരാഷ്ട്ര കമ്പനികള്‍ വാണിജ്യതാല്‍പര്യങ്ങളുടെ ഭാഗമായി വിവരങ്ങള്‍ വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയാണെന്നും ഇതൊരുതരം സാമ്പത്തിക ചാരവൃത്തിയാണെന്നുമായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മാധവി ദിവാന്റെ വാദം. 19 ബില്യണ്‍ യുഎസ് ഡോളര്‍ കൊടുത്താണ് ഫേസ്ബുക്ക് ഡാറ്റ വാങ്ങിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഈ പ്രശ്‌നം സംബന്ധിച്ച് പഠിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ബിഎന്‍ ശ്രീകൃഷ്ണ അദ്ധ്യക്ഷനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ശ്രീകൃഷ്ണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡാറ്റ സംരക്ഷണ നിയമത്തിനുള്ള കരട് ബില്‍ തയ്യാറാക്കും. നിയമം കൊണ്ടുവരുന്നത് വരെ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നവംബര്‍ 20ന് കേസില്‍ തുടര്‍വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍