UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രുവിനെ വില കുറച്ച് കാട്ടാന്‍ നോക്കരുത്, നിങ്ങള്‍ തോറ്റുപോകും: മോദിക്ക് മന്‍മോഹന്റെ കത്തും ഉപദേശവും

എബി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന ആറ് വര്‍ഷക്കാലത്തിനിടെ ഒരിക്കല്‍ പോലും നെഹ്രു മ്യൂസിയത്തെ നശിപ്പിക്കാന്‍ ഇത്തരമൊരു ശ്രമമുണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോളത്തെ സര്‍ക്കാര്‍ ഇത് അജണ്ടയുടെ ഭാഗമാക്കിയിരിക്കുകയാണ് – മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.

ജവഹര്‍ലാല്‍ നെഹ്രു രാജ്യത്തിന് നല്‍കിയ സംഭാവനകളെ വില കുറച്ച് കാട്ടാന്‍ ശ്രമിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉപദേശം. നെഹ്രു പ്രധാനമന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനിലെ നിലവിലെ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമായുള്ള മ്യൂസിയമായി പരിവര്‍ത്തിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. ഈ നീക്കത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയും പ്രതിഷേധമറിയിച്ചുമാണ് മോദിക്കുള്ള മന്‍മോഹന്‍ സിംഗിന്റെ കത്ത് (ഓഗസ്റ്റ് 24).

എന്‍എംഎംഎല്ലിന്റെ (നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി) നിലവിലെ സ്വഭാവവും ഘടനയും തകര്‍ക്കരുതെന്ന് മന്‍മോഹന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. നെഹ്രു മ്യൂസിയം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും രാഷ്ട്രത്തിന്റെ മുഖ്യശില്‍പ്പികളിലൊരാളുമായ, ലോകത്താകമാനം വ്യക്തിമുദ്ര പതിപ്പിച്ച നെഹ്രുവിന്റെ സ്മരണക്കായി നീക്കി വച്ചിരിക്കുന്നതാണ്. ജവഹര്‍ലാല്‍ നെഹ്രുവിനെ കോണ്‍ഗ്രസ് നേതാവായല്ല, രാജ്യത്തിന്റെ നേതാവായാണ് കാണേണ്ടത്. ഈ വികാരം പങ്കുവയ്ക്കാനാണ് താന്‍ ഈ കത്തെഴുതുന്നത് എന്ന് മന്‍മോഹന്‍ സിംഗ് പറയുന്നു.

എബി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന ആറ് വര്‍ഷക്കാലത്തിനിടെ ഒരിക്കല്‍ പോലും നെഹ്രു മ്യൂസിയത്തെ നശിപ്പിക്കാന്‍ ഇത്തരമൊരു ശ്രമമുണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോളത്തെ സര്‍ക്കാര്‍ ഇത് അജണ്ടയുടെ ഭാഗമാക്കിയിരിക്കുകയാണ് – മന്‍മോഹന്‍ ചൂണ്ടിക്കാട്ടി. 1964 മേയ് 27ന് നെഹ്രു അന്തരിച്ചപ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി അന്നത്തെ ജനസംഘ് എംപിയായിരുന്ന വാജ്‌പേയ് രാജ്യസഭയില്‍ നടത്തിയ വിഖ്യാതമായ പ്രസംഗത്തിലെ വാക്കുകള്‍ മന്‍മോഹന്‍ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം ഇത്തരത്തില്‍ വലിയ ബഹുമാനം പിടിച്ചുപറ്റുന്ന മഹദ് വ്യക്തിത്വം നെഹ്രുവിനെപ്പോലെ മറ്റൊന്ന് സമീപഭാവിയിലൊന്നും നമുക്കുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

എന്തൊക്കെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുള്ളവര്‍ക്കും നെഹ്രുവിന്റെ ആത്മാര്‍ത്ഥതയേയോ രാജ്യത്തോടുള്ള പ്രതിബദ്ധതയേയോ സ്‌നേഹത്തേയോ ചോദ്യം ചെയ്യാനാവില്ല. ഇത്തരം മഹത്തായ ചരിത്ര വസ്തുതകളെ ബഹുമാനിക്കാന്‍ നമ്മള്‍ തയ്യാറാകണം. 1920നും 40 ഇടയിലുള്ള കാലത്ത് പത്ത് വര്‍ഷത്തോളം നെഹ്രു ജയിലിലായിരുന്നു. രാജ്യത്തിന്റെ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ അതുല്യമായ പങ്കാണ് അദ്ദേഹത്തിന്റേത്. അപക്വമായ തിരുത്തല്‍വാദങ്ങള്‍ക്കോ അപഭ്രംശങ്ങള്‍ക്കോ നെഹ്രുവിന്റെ പങ്കിനേയോ സംഭാവനകളേയോ മായ്ച്ചുകളയാനാകില്ല – മന്‍മോഹന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍