UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാരക്കേസിന് പിന്നിലെ വില്ലന്മാരെ പുറത്തുകൊണ്ടുവരും: നമ്പി നാരായണനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ശശികുമാരന്‍

നിരപരാധികളായ വ്യക്തികളുടെ കരിയറും ജീവിതവും നശിപ്പിക്കുകയും സ്‌പേസ് റിസര്‍ച്ച് പ്രോഗ്രാം അട്ടിമറിക്കുകയും ചെയ്തവരെ വെറുതെ വിടില്ലെന്നും അദ്ദേഹം ഹിന്ദുവിനോട് പറഞ്ഞു.

ഐ എസ് ആര്‍ ഒ ചാര കേസ് ആസൂത്രണം ചെയ്ത ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുമെന്ന് കേസില്‍ നമ്പി നാരായണനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ ഐസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ഡി ശശികുമാരന്‍. ഇക്കാര്യം സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ പറയുമെന്നും ശശികുമാരന്‍ വ്യക്തമാക്കി. നമ്പി നാരായണനെ അനാവശ്യമായി കേസില്‍ കുടുക്കിയതിനും ജയിലിലിട്ട് പീഡിപ്പിച്ചതിനും 50 ലക്ഷം രൂപ നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പരിശോധിക്കാനും ഉത്തരവിട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദ ഹിന്ദുവിനോടാണ് ശശികുമാരന്‍ ഇക്കാര്യം പറഞ്ഞത്.

നിരപരാധികളായ വ്യക്തികളുടെ കരിയറും ജീവിതവും നശിപ്പിക്കുകയും സ്‌പേസ് റിസര്‍ച്ച് പ്രോഗ്രാം അട്ടിമറിക്കുകയും ചെയ്തവരെ വെറുതെ വിടില്ലെന്നും അദ്ദേഹം ഹിന്ദുവിനോട് പറഞ്ഞു. അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും ശശികുമാരന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റിന് നഷ്ടപരിഹാരമായി നികുതിദായകരുടെ പണം ഉപയോഗിക്കരുത്. പണം കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ശശികുമാരന്‍ ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷത്തിലധികം ജയിലിലിടുകയും കസ്റ്റഡിയില്‍ പീഡിപ്പിക്കുകയും ചെയ്തതിന് മാല്‍ദീവ്‌സുകാരായ മറിയം റഷീദയോടും ഫൗസിയ ഹസനോടും ഇന്ത്യ മാപ്പ് പറയണം. രാജ്യം ലജ്ജിക്കേണ്ട വിഷയമാണിതെന്നും ശശികുമാരന്‍ പറഞ്ഞു.

ചാരക്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഐഎസ്ആര്‍ഒ ക്രയോജനിക് ടെക്‌നോളജി ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ശശികുമാരന്‍. റഷ്യയില്‍ നിന്നുള്ള ക്രയോജനിക് ടെക്‌നോളജി ട്രാന്‍സ്ഫറിന്റെ ചുമതല ശശികുമാരനുണ്ടായിരുന്നു. ചില പൊലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടേയും മറ്റ് ചില ഉന്നതരുടേയും നെറികെട്ട കളികളാണ് കേസിന് പിന്നില്‍. ഇതില്‍ പലരും മറഞ്ഞിരിക്കുകയാണെന്നും ശശികുമാരന്‍ പറഞ്ഞു.

കേന്ദ്ര നിയമ പ്രകാരം നിലവില്‍ വന്ന ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ കേസടുക്കാന്‍ തന്നെ സംസ്ഥാന സര്‍ക്കാരിനോ പൊലീസിനോ അധികാരമില്ലെന്നും ശശികുമാരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് മാത്രമേ ഇക്കാര്യത്തില്‍ കേസുമായി കോടതിയെ സമീപിക്കാന്‍ അവകാശമുള്ളൂ എന്നും കോടതികള്‍ ഇത് പരിഗണിച്ചില്ല എന്നും ശശികുമാരന്‍ പറഞ്ഞു. ഇതെല്ലാം ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ പറയും. തെറ്റ് ചെയ്ത എല്ലാ ഉദ്യോഗസ്ഥരും ഇതില്‍ ശിക്ഷിക്കപ്പെടണം.

ഫോട്ടോ കടപ്പാട് – ദ ഹിന്ദു/PHOTO COURTESY – THE HINDU

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍