UPDATES

വിപണി/സാമ്പത്തികം

അവസാനം എണ്ണിത്തീര്‍ന്നു, 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി; ഇത് മോദി ദുരന്തമെന്ന് കോണ്‍ഗ്രസ്‌

15.41 ലക്ഷം കോടി രൂപ വില മതിക്കുന്ന നോട്ടുകളാണ് തിരിച്ചെത്തിയത്. എസ്ബിഎന്‍ (സ്‌പെസിഫൈഡ് ബാങ്ക് നോട്‌സ്) പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐ അറിയിച്ചു.

ഒരു വര്‍ഷത്തിലധികമായി റിസര്‍വ് ബാങ്ക് നടത്തിക്കൊണ്ടിരുന്ന നോട്ടെണ്ണല്‍ പൂര്‍ത്തിയായി. 99.3 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തന്നെ തിരിച്ചെത്തിയിട്ടുണ്ടെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക് വ്യക്തമാക്കുന്നു. 15.41 ലക്ഷം കോടി രൂപ വില മതിക്കുന്ന നോട്ടുകളാണ് തിരിച്ചെത്തിയത്. എസ്ബിഎന്‍ (സ്‌പെസിഫൈഡ് ബാങ്ക് നോട്‌സ്) പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐ അറിയിച്ചു.

കള്ളപ്പണം പിടിക്കാനെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 500ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് വിവിധ മേഖലകളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം തുടരുകയാണ്. ചെറുകിട വ്യവസായം, വ്യാപാരം, കൃഷി തുടങ്ങിയവയെ എല്ലാ നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചു. കൃത്യതയ്ക്ക് വേണ്ടി ഹൈ സ്പീഡ് സിവിപിഎസ് (കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസ് സിസ്റ്റം) ഉപയോഗിച്ചാണ് നോട്ടുകള്‍ തിട്ടപ്പെടുത്തിയത്.

ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മോദി നിര്‍മ്മിത ദുരന്തം എന്നാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല ട്വീറ്റ് ചെയ്തത്. മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നതായി 2017ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി അവകാശപ്പെട്ടിരുന്നു. ഈ നുണയ്ക്ക് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകുമോ എന്ന് സൂര്‍ജെവാല, മോദിയോട് ചോദിച്ചു.

ബാക്കി 13,000 കോടിയുടെ നോട്ടുകള്‍ നേപ്പാളിലും ഭൂട്ടാനിലുമായിരിക്കുമെന്ന് സംശയിക്കുന്നതായും അതില്‍ പലതും നശിപ്പിക്കപ്പെട്ടിരിക്കുന്നതായി കരുതുന്നതായും മുന്‍ ധന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ട്വീറ്റ് ചെയ്തു.

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ധവളപത്രം ഇറക്കണമെന്ന് ആവശ്യപ്പെട്ടു. വലിയ ദുരിതമാണ് ജനങ്ങള്‍ നോട്ട് നിരോധനം കൊണ്ട് അനുഭവിച്ചത്. നിരവധി പേര്‍ മരിച്ചു. എന്ത് നേട്ടമാണ് ഇതുകൊണ്ട് ഉണ്ടായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് – കെജ്രിവാള്‍ ട്വീറ്റില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍