സര്‍ക്കാരുമായുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ പ്രസ്താവന.
കേന്ദ്രസര്‍ക്കാരുമായി ഒത്തുപോകാനും സര്‍ക്കാരിന്റെ താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനും സാമ്പത്തിക പുരോഗതിയെ സഹായിക്കാനും കഴിയില്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വയ്ക്കണമെന്ന് ആര്‍എസ്എസ്. സംഘടനയുടെ സാമ്പത്തിക വിഭാഗം (സ്വദേശി ജാഗരണ്‍ മഞ്ച്) തലവന്‍ അശ്വിനി മഹാജന് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിലക്കണമെന്നും ആര്‍എസ്എസ് നേതാവ് ആവശ്യപ്പെട്ടു. സര്‍ക്കാരുമായുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ പ്രസ്താവന.
റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം അട്ടിമറിക്കുന്ന വിധം സര്‍ക്കാര്‍ അനധികൃതമായ കൈ കടത്തല്‍ നടത്തുന്നതായി ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ധന മന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതികരിക്കുകയും ചെയ്തിരുന്നു. ആര്‍ബിഐ ആക്ട് പ്രകാരം സര്‍ക്കാരിന് ഇടപെടാന്‍ അവകാശമുണ്ടെന്നാണ് ജയ്റ്റ്ലി പറഞ്ഞത്. യുപിഎ കാലത്ത് വന്‍ തോതില്‍ വായ്പ അനുവദിച്ച് ബാങ്കുകളുടെ കി്ട്ടാക്കടം പെരുകിയെന്നും ഇതിന് ആര്‍ബിഐ ഉത്തരവാദിയാണെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തിയിരുന്നു.
രഘുറാം രാജന് അടക്കം വിദേശത്ത് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദ്ഗധരെ റിസര്‍വ് ബാങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക പദവികളിലും കൊണ്ടുവരുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കുന്നുണ്ട്. ആര്‍ബിഐയ്ക്ക് ‘ദേശീയത’യിലൂന്നിയ കാഴ്ചപ്പാട് നഷ്ടമാകുന്നു എന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ പരാതി. ആര്‍ബിഐ ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന പലിശ നിരക്കുകള്‍ ചെറുകിട വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും ആര്‍എസ്എസ് പറയുന്നു. കാഷ് റിസര്‍വുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ റിസര്‍വ് ബാങ്ക്, കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെടുന്നു. ആര്‍എസ്എസ് അനുഭാവിയായ എസ് ഗുരുമൂര്‍ത്തിയെ റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ മോദി സര്‍ക്കാരിന്റെ നടപടി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
സിബിഐക്ക് പിന്നാലെ റിസര്‍വ് ബാങ്ക് Vs മോദി സര്‍ക്കാര്‍; ആശങ്കയോടെ ബാങ്കിംഗ് മേഖല