UPDATES

ട്രെന്‍ഡിങ്ങ്

ഇങ്ങനെയൊരു മുഖ്യമന്ത്രിയുണ്ടായിരുന്നു: പിണറായിയെ കുത്തി നായനാരുടെ ചരമദിനത്തില്‍ മകന്റെ ഓര്‍മ്മപ്പെടുത്തല്‍

ആഴ്ചകളോളം നീട്ടി കൊണ്ടുപോകാവുന്ന പല വിവാദങ്ങളും അച്ഛന്‍ ഒരു ദിവസം കൊണ്ട് തീര്‍ക്കുമായിരുന്നു. പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവായിരുന്നു അച്ഛന്റെ പ്രത്യേകത.

സൂചി കൊണ്ടെടുക്കേണ്ടതിനെ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നത് കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരും. ഇന്ന് രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് ആലോചിക്കാറുണ്ട്. ആഴ്ചകളോളം നീട്ടി കൊണ്ടുപോകാവുന്ന പല വിവാദങ്ങളും അച്ഛന്‍ ഒരു ദിവസം കൊണ്ട് തീര്‍ക്കുമായിരുന്നു. പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവായിരുന്നു അച്ഛന്റെ പ്രത്യേകത – പറയുന്നത് മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ മകന്‍ കെപി കൃഷ്ണകുമാറാണ്. നായനാരുടെ ചരമദിനമായ ഇന്ന് മലയാള മനോരമയിലാണ് കൃഷ്ണകുമാറിന്റെ അനുസ്മരണം. മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടും നായനാര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണം നിയന്ത്രിച്ചതുമായി താരതമ്യം ചെയ്തുകൊണ്ടുമാണ് കൃഷ്ണകുമാര്‍ എഴുതുന്നത്.

കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് രൂക്ഷമായ ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥ പോര് കൃഷ്ണകുമാര്‍ പരാമര്‍ശിക്കുന്നു. എല്‍ഡിഎഫിന്റെ ആള്‍, യുഡിഎഫിന്റെ ആള്‍ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നായനാര്‍ വേര്‍തിരിച്ച് കണ്ടിരുന്നില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അവര്‍ ചെയ്യുന്ന ജോലി കൊണ്ടാണ് ഓരോരുത്തരേയും അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനേയും അച്ഛന്‍ മാറ്റി നിര്‍ത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇകെ നായനാരുടെ കാലത്ത് ഐഎഎസ് – ഐപിഎസ് വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല – കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നു. പല രാഷ്ട്രീയ നേതാക്കളും അപ്രതീക്ഷിതമായി പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷെ അക്കാര്യത്തില്‍ ജനം നായനാര്‍ക്ക് ആനുകൂല്യം നല്‍കിയിരുന്നു. നായനാര്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അദ്ദേഹത്തിന് വ്യക്തിതാല്‍പര്യങ്ങള്‍ ഉണ്ടാവില്ലെന്ന് ജനത്തിനറിയാം. അതുകൊണ്ട് തന്നെ വലിയ വിവാദമാകാമായിരുന്ന പല കാര്യങ്ങളും നായനാര്‍ പറഞ്ഞതല്ലേ എന്ന് ജനം ലഘൂകരിച്ചതായും നായനാര്‍ക്ക് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന വിശ്വാസ്യത ചൂണ്ടിക്കാട്ടി കൃഷ്ണകുമാര്‍ പറയുന്നു.

ഓരോ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുമ്പോളും സാധാരണക്കാരന് എന്ത് പ്രയോജനം കിട്ടുമെന്ന് അച്ഛന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നതായി ചീഫ് സെക്രട്ടറിയായിരുന്ന സിപി നായര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 11 വര്‍ഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്കെതിരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നില്ല എന്നത് ഇക്കാലത്ത് രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ രാഷ്ട്രീയത്തില്‍ സജീവമാകാനും സിപിഎം സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളയാളുമാണ് കൃഷ്ണകുമാര്‍. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ പാര്‍ട്ടി ഈ ആവശ്യം തള്ളുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍