UPDATES

സര്‍ക്കാരിന്റെ പ്രചാരണ യന്ത്രങ്ങളായി മാറുന്ന പൊതുസ്ഥാപനങ്ങള്‍; നീതി ആയോഗ് അംഗമായ മുന്‍ ഡിആര്‍ഡിഒ തലവന്‍ പറഞ്ഞത് തെറ്റെന്ന് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

2013ല്‍ ഡിആര്‍ഡിഒയില്‍ നിന്ന് വിരമിച്ച വികെ സാരസ്വതിനെ മോദി സര്‍ക്കാര്‍ നീതി ആയോഗ് അംഗമാക്കിയിരുന്നു.

പൊതുസ്ഥാപനങ്ങളെ, ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നു എന്ന പരാതി തുടക്കം മുതല്‍ തന്നെ മോദി സര്‍ക്കാരിനെതിരെ ഉണ്ട്. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ മാറ്റിവച്ചതില്‍ ഉള്‍പ്പടെ സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപവും ആരോപണവും തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ ഉയര്‍ന്നിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സര്‍ക്കാരിന്റെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ രംഗങ്ങളിലെ വലിയ നേട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, മിഷന്‍ ശക്തി പദ്ധതിയിലെ ആന്റി സാറ്റലൈറ്റ് മിസൈല്‍ വിക്ഷേപണത്തിന്റെ കാര്യം പറഞ്ഞത് വിവാദമായിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പെരുമാറ്റച്ചട്ട ലംഘനമൊന്നും നടന്നിട്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാഥമിക നിഗമനമായി പറഞ്ഞത്. എന്നാല്‍ പിന്നീട് പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാറിന് പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി, വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത് കോണ്‍ഗ്രസിന്റെ മിനിമം വരുമാനം ഗാരണ്ടി പദ്ധതിയെ വിമര്‍ശിച്ച് രംഗത്തെത്തിയതിനാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുറത്തിറക്കുന്ന പിഎം നരേന്ദ്ര മോദി സിനിമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ചിത്രം ഏപ്രില്‍ അഞ്ചിന് തീയറ്ററുകളിലെത്തിക്കും എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉപഗ്രഹവേധ മിസൈലിന് അനുമതി നിഷേധിച്ചു എന്ന ഡിആര്‍ഡിഒ (ഡിഫന്‍സ് ആന്‍ഡ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) മുന്‍ തലവന്‍ വികെ സാരസ്വതിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍. ദ വയറിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞാന്‍ ഇതാദ്യമായാണ് ഇക്കാര്യം കേള്‍ക്കുന്നത്. സാരസ്വത് എന്നോട് അനുമതി തേടിയിട്ടില്ല – ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. 2013ല്‍ ഡിആര്‍ഡിഒയില്‍ നിന്ന് വിരമിച്ച വികെ സാരസ്വതിനെ മോദി സര്‍ക്കാര്‍ നീതി ആയോഗ് അംഗമാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന് എ സാറ്റ് ലൈവ് ടെസ്റ്റിന്റെ പ്രസന്റേഷന്‍ നല്‍കിയെങ്കിലും അനുമതി നല്‍കിയില്ല. യുപിഎ സര്‍ക്കാര്‍ ഈ പരീക്ഷണത്തിനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കാണിച്ചില്ലെന്നും വികെ സാരസ്വത് കുറ്റപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശിവശങ്കര്‍ മേനോന്‍.

സാരസ്വത് അനൗപചാരികമായി ഒരു പ്രസന്റേഷന്‍ നടത്തിയിരുന്നതായും അതേസമയം എ സാറ്റ് ടെസ്റ്റിന് അനുമതി തേടിയില്ലെന്നും ശിവശങ്കര്‍ മേനോന്‍ പറയുന്നു. അതേസമയം താന്‍ എ സാറ്റ് പരീക്ഷണത്തിന് എതിരായിരുന്നു എന്ന് 2012ല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വികെ സാരസ്വത് പറഞ്ഞിരുന്നു. ബഹിരാകാശത്തെ ആയുധവത്കരിക്കാന്‍ ഇന്ത്യ താല്‍പര്യപ്പെടുന്നില്ല. അതേസമയം ബഹിരാകാശ ബ്ലോക്കുകള്‍ വേണം. ഇലക്ട്രോണിക് ടെസ്റ്റ് മാത്രമേ നടത്തൂ എന്നും ഒരിക്കലും ഉപഗ്രഹം തകര്‍ത്തുകൊണ്ടുള്ള ഫിസിക്കല്‍ ടെസ്റ്റ് ചെയ്യില്ല എന്നുമാണ് സാരസ്വത് അന്ന് പറഞ്ഞത്. മറ്റ് ഉപഗ്രഹങ്ങള ബാധിക്കുന്ന തരത്തിലുണ്ടാകുന്ന ബഹിരാകാശ മാലിന്യമടക്കമുള്ള പ്രശ്‌നങ്ങള്‍ സാരസ്വത് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇതേ ഇന്ത്യ ടുഡേയില്‍ പറയുന്നത് സ്‌പേസ് സെക്യൂരിറ്റി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് എസാറ്റ് സാങ്കേതിക ശേഷി വികസിപ്പിക്കുന്നതിന് ഡിആര്‍ഡിഒയ്ക്ക് അനുമതി നല്‍കി എന്നാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവാണ് എസ് എസ് സി ജി തലവന്‍. എ സാറ്റ് സാങ്കേതികവിദ്യ പൂര്‍ണമായും സജ്ജമാകുന്നത് 2014ലായിരിക്കും എന്നും വികെ സാരസ്വത് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍