UPDATES

വാര്‍ത്തകള്‍

മോദിയുടെ ബഹിരാകാശനേട്ട പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമോ? തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പറയും

ശാസ്ത്രനേട്ടം രാഷ്ട്രീയ നേട്ടത്തിനായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തതായി പ്രതിപക്ഷം ആരോപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ഉപഗ്രഹവേധ മിസൈല്‍ വിജയ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പറയും. ശാസ്ത്രനേട്ടം രാഷ്ട്രീയ നേട്ടത്തിനായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തതായി പ്രതിപക്ഷം ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ശത്രുരാജ്യങ്ങളുടെ ചാര ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ആന്റി സാറ്റലൈറ്റ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം മോദി നടത്തിയത്. ശരിയായ പരിശോധന ആവശ്യമില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വിവിധ പാര്‍ട്ടികളുടെ ഇത് സംബന്ധിച്ച പരാതി ലഭിച്ച ശേഷി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് ദൂരദര്‍ശന്‍ ആവശ്യപ്പെടുകയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയുമായിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരം അധികാരത്തിലിരിക്കുന്ന കക്ഷിക്ക് പൊതുപണം നേട്ടങ്ങള്‍ പരസ്യപ്പെടുത്താന്‍ ഉപയോഗിക്കുന്നത് വിലക്കുന്നു. അതേസമയം പ്രതിപക്ഷം ദേശസുരക്ഷ പരിഗണിക്കുന്നില്ലെന്ന് ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. ചന്ദ്രനിലേയ്ക്ക് വിരല്‍ ചൂണ്ടുമ്പോള്‍ വിരലിലേയ്ക്ക് നോക്കുന്ന വിഡ്്ഢിയെ പോലെയാണ് പ്രതിപക്ഷം എന്ന് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍