UPDATES

സിനിമാ വാര്‍ത്തകള്‍

പെരുമാറ്റച്ചട്ടം ലംഘിച്ചു, മോദി സിനിമ നിര്‍മ്മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

തിരഞ്ഞെടുപ്പ് കാലത്ത് റിലീസ് ചെയ്യുന്ന രാഷ്ട്രീയ സിനിമകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയണം.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പിഎം നരേന്ദ്ര മോദി സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് അയച്ച വിവിധ നോട്ടീസുകളില്‍ മറുപടി കാത്തിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കാലത്തെ ഏത് രാഷ്ട്രീയ പരസ്യത്തിനും – ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ വഴിയുള്ളതായാലും – തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ അംഗീകാരം വേണമെന്ന് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു. ഇതിന് വിരുദ്ധമായാല്‍ അത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. അതാര് ചെയ്താലും വിശദീകരണം നല്‍കേണ്ടി വരുമെന്നും രണ്‍ബീര്‍ സിംഗ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് റിലീസ് ചെയ്യുന്ന രാഷ്ട്രീയ സിനിമകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയണം. സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസിനും മ്യൂസിക് കമ്പനിക്കും നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. സിനിമയുടെ പരസ്യം നല്‍കിയ രണ്ട് പത്രങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്്. മാര്‍ച്ച് 30 വരെയാണ് മറുപടി നല്‍കാന്‍ സമയം നല്‍കിയിരിക്കുന്നത്.

സിനിമയുടെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഈ സിനിമ ഒരു കലാ സൃഷ്ടി എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ പ്രചരണായുധമായാണ് ഉപയോഗിക്കുന്നത് എന്ന് കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്വി, ആര്‍പിഎന്‍ സിംഗ്, രണ്‍ദീപ് സിംഗ് സൂര്‍ജെവാല എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സിനിമയുടെ ലക്ഷ്യം രാഷ്ട്രീയം മാത്രമാണ്, തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക – കപില്‍ സിബല്‍ പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും മോദി സിനിമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയേക്കാള്‍ ദുരന്തമാണ് പിഎം നരേന്ദ്ര മോദി എന്ന് ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. അതേസമയം ഇത് എല്ലായിടത്തും കാണിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത് എന്ന് സിനിമയെ പരിഹസിച്ചുകൊണ്ട് ഒമര്‍ അബ്ദുള്ള പറഞ്ഞു.

നേരത്തെ സിപിഐ, ഡിഎംകെ തുടങ്ങിയവരും സിനിമയുടെ റിലീസ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ഒമുംഗ് കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ വിവേക് ഒബ്‌റോയ് ആണ് നരേന്ദ്ര മോദിയാകുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിഎം മോദിക്ക് വേണ്ടി ഗാനങ്ങളെഴുതിയിട്ടില്ലാത്ത ജാവേദ് അക്തറിന്റേയും സമീറിന്റേയും പേരുകള്‍ പോസ്റ്ററില്‍ ഉപയോഗിച്ചത് വിവാദമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് ഏപ്രില്‍ അഞ്ചിന് പിഎം നരേന്ദ്ര മോദി തീയറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍