UPDATES

ട്രെന്‍ഡിങ്ങ്

വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊണ്ട് പോലീസിന് കത്തയച്ചു തിരുവനന്തപുരത്ത് കുടുംബം ആത്മഹത്യ ചെയ്തു

താനും കുടുംബവും ഈ ലോകം വിട്ടുപോവുകയാണെന്നും മരണാനന്തരക്രിയകള്‍ക്കായി വീട്ടിനുള്ളില്‍ പണവും സ്വര്‍ണ്ണവും വച്ചിട്ടുണ്ടെന്നും കത്തില്‍ എഴുതിയിട്ടുണ്ട്

ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഒരു കത്ത് കിട്ടി. ശാസ്തമംഗലം പണിക്കേഴ്സ് ലൈനില്‍ താമസിക്കുന്ന പൊതുമരാമത്ത് വകുപ്പില്‍നിന്നും റിട്ടയര്‍ ചെയ്ത സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സുകുമാരന്‍ നായരുടേതായിരുന്നു ആ കത്ത്.

താനും കുടുംബവും ഈ ലോകം വിട്ടുപോവുകയാണെന്നും മരണാനന്തരക്രിയകള്‍ക്കായി വീട്ടിനുള്ളില്‍ പണവും സ്വര്‍ണ്ണവും വച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്. വീട്ടിലേക്ക് എത്താനുള്ള വഴിയും കത്തില്‍ വരച്ചുവെച്ചിട്ടുണ്ടായിരുന്നു.

കത്ത് കിട്ടിയ ഉടനെ മ്യൂസിയം പോലീസിന്റെ ബൈക്ക് പെട്രോളിംഗ് സംഭവ സ്ഥലത്ത് എത്തി. പണിക്കേഴ്സ് ലൈനിലെ വനമാലി എന്ന വീട് കത്തില്‍ പറഞ്ഞതുപോലെ തന്നെ തുറന്നു കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ പുരയിടത്തിലെ കാഴ്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. വീടിന് ചുറ്റും കാട് വളര്‍ന്ന് ആള്‍പെരുമാറ്റം ഇല്ലാത്ത ഇടം പോലെ തോന്നിച്ചു. ഗെയിറ്റ് ദ്രവിച്ചു വീഴാറായി കിടക്കുന്നു. പുരയിടത്തിലെ തെങ്ങില്‍നിന്നും തേങ്ങ പറിക്കാതെ മുറ്റത്ത് ഉണങ്ങി വീണുകിടക്കുന്നു…

അകത്തുകടന്ന പോലീസ് കണ്ടത് മൂന്നു മുറിയിലായി ഫാനില്‍തൂങ്ങി കിടക്കുന്ന സുകുമാരന്‍നായരെയും ഭാര്യ ആനന്ദവല്ലിയെയും മകന്‍ സനാതനെയുമാണ്. ആനന്ദവല്ലിയുടെ മൃതദേഹം ഡൈനിംഗ് ഹാളിലും സനാതന്റെ മൃതദേഹം വലതുവശത്തെ കിടപ്പ് മുറിയിലും ആയിരുന്നു ഉണ്ടായിരുന്നത്. സുകമാരന്‍ നായരുടെ മൃതദേഹം അകത്തെ മുറിയിലും. ഇവിടെ രക്തം തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടാകും എന്നാണ് പോലീസ് കണക്കാക്കുന്നത്.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അയല്‍വാസികളുമായി യാതൊരു ബന്ധം പുലര്‍ത്താത്തതുകൊണ്ട് തന്നെ സമീപ വാസികള്‍ക്കും ഇവരെ കുറിച്ച് കൂടുതലായി അറിയില്ല. കല്യാണം വിളിക്കാന്‍ വരുന്നവരെയോ, പത്രം ഏജന്‍റിനെയോ, തേങ്ങ വെട്ടുന്നയാളയോ, രാഷ്ട്രീയ പ്രവര്‍ത്തകരെയോ ആരെയും തന്നെ വീട്ടിലേക്ക് കയറാന്‍ ഇവര്‍ സമ്മതിക്കാറില്ലെന്ന് സമീപ വാസികള്‍ പറയുന്നു. ഈ അടുത്തകാലത്ത് മീറ്റര്‍ റീഡിംഗ് എടുക്കാന്‍ എത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനുമായും വഴക്കുണ്ടാക്കിയ കാര്യം നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

സുകുമാരന്‍ നായരുടെ മൃതദേഹത്തിന് അരികില്‍ നിന്നും രണ്ടു കത്തുകള്‍ കൂടി കിട്ടിയിട്ടുണ്ട്. ഒരു കത്തില്‍ നിന്നു കിട്ടിയ കിളിമാനൂരുള്ള ബന്ധുവിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. ഈ കത്തുകളിലെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം പറയാമെന്ന് പോലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍