UPDATES

ട്രെന്‍ഡിങ്ങ്

രാഖി കൃഷ്ണന്റെ ആത്മഹത്യ; പീഡിപ്പിച്ച അധ്യാപകരും കോളേജ് നിയോഗിച്ച കമ്മീഷനിലെന്ന് പിതാവ്

പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി ജയിച്ച തന്റെ മകൾ ഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന ആരോപണം സത്യമല്ല

മകളെ മരണത്തിലേയ്ക്ക് തള്ളി വിട്ട അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഖിയുടെ പിതാവ് രാധാകൃഷ്ണൻ രംഗത്ത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥിനിയായിരുന്ന രാഖി കൃഷ്ണയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് ആരോപിക്കുന്നു. മകളുടെ മരണത്തിനു ശേഷം കോളേജധികൃതരോ അധ്യാപകരോ ഒരിക്കൽ പോലും രാഖിയുടെ കുടുംബത്തോട് സംസാരിക്കാൻ മനസ്സ് കാണിച്ചിട്ടില്ലെന്നും മകളുടെ സംസ്കാര ചടങ്ങിന് പോലും കോളേജിനെ പ്രതിനിധീകരിച്ചു ആരും പങ്കെടുത്തില്ല എന്നും രാധാകൃഷ്ണൻ പറയുന്നു. പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി ജയിച്ച തന്റെ മകൾ ഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന ആരോപണം സത്യമല്ലെന്നാണ് പിതാവിന്റെ പക്ഷം.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കോളേജിലെ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. രാഖി പ്രധാന കവാടത്തിലൂടെ പുറത്തേയ്ക്ക് ഓടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നതിന് മിനിട്ടുകൾക്ക് മുൻപ് രാഖി കരഞ്ഞു കൊണ്ട് പുറത്തേയ്ക്ക് ഓടുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. എന്നാൽ സുരക്ഷാ ജീവനക്കാർ രാഖിയെ തടയാനോ സംസാരിക്കാനോ ശ്രമിച്ചിട്ടില്ല. പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് വ്യക്തമാക്കിയ കോളേജ് അധികൃതർ രാഖിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കോളേജ് തലത്തിൽ ഒരു കമ്മീഷനെയും നിയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാകർതൃക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന പ്രസ്തുത കമ്മീഷനിൽ രാഖിയെ പീഡിപ്പിച്ച അധ്യാപകരും ഉണ്ടെന്നു രാഖിയുടെ പിതാവ് ആരോപിക്കുന്നു. അതിനാൽ തനിക്കു ഇത്തരം ഒരു കമ്മീഷ നിൽ വിശ്വാസം ഇല്ലെന്നും മകൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും രാധാകൃഷ്ണൻ പറയുന്നു.

സ്വയം ഭരണ പദവിയുള്ള കൊല്ലം ഫാത്തിമ മാതാ കോളേജ് ഒന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ രാഖി കൃഷ്ണ കഴിഞ്ഞ ബുധനാഴ്ചയാണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കോപ്പിയടിക്കാൻ ശ്രമിച്ചു എന്നൊരോപിച്ചു പരീക്ഷാ ചുമതലയുള്ള അധ്യാപിക രാഖിയെ പരീക്ഷ ഹാളിൽ നിന്ന് പുറത്താക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്റ്റാഫ് റൂമിൽ കൊണ്ടു ചെന്ന് രാഖിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരീക്ഷയിൽ നിന്ന് ഡി ബാർ ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും രാഖിയുടെ സഹപാഠികൾ പറഞ്ഞിരുന്നു. അധ്യാപകർ രാഖിയുടെ അച്ഛനെ ഫോണിൽ വിളിച്ചു രാഖിയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നുവെന്നും ഇതെല്ലാം സഹിക്കാതെയാണ് രാഖി ആത്മഹത്യ ചെയ്തതെന്ന് അവർ ആരോപിച്ചു രാഖിയുടെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. സംഭവത്തെ തുടർന്ന് ഫാത്തിമ മാതാ കോളേജിലേക്ക് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടങ്ങളും നടന്നിരുന്നു.

‘അവളെ മരണത്തിലേക്ക് തള്ളിയിട്ടിട്ടും അവര്‍ക്കൊരു കുറ്റബോധവുമില്ല’: ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരേ പ്രതിഷേധം

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍