UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കോര്‍പ്പറേറ്റ് മേഖലയിലേക്ക്, ഐഐഎംസി ജെഎന്‍യുവിന്റെ ഭാഗമാകും

68 മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കീഴില്‍ വരുന്ന 679 സ്വയംഭരണ സ്ഥാപനങ്ങളെ ഇത്തരത്തില്‍ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സ്വയംഭരണാവകാശമുള്ള പൊതുസ്ഥാപനങ്ങള്‍ എന്നിവ
കോര്‍പ്പറേറ്റ്‌വത്കരിക്കാനും സര്‍വകലാശാലകളുടെ ഭാഗമാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹി പബ്ലിക് ലൈബ്രറി എന്നിവയാണ് കോര്‍പ്പറേറ്റ്‌വത്കരിക്കുന്നത്. ഐഐഎംസിയെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍) ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടേയോ (ജെഎന്‍യു), ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടേയോ ഭാഗമാക്കും. 68 മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കീഴില്‍ വരുന്ന 679 സ്വയംഭരണ സ്ഥാപനങ്ങളെ ഇത്തരത്തില്‍ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

സ്വയംഭരണ സ്ഥാപനങ്ങളുടെ ഘടനയില്‍ മാറ്റ വരുത്തുന്ന നടപടിക്ക് ജനുവരിയില്‍ തന്നെ തുടക്കം കുറിച്ചിരുന്നു. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളാണ് ആദ്യം ലക്ഷ്യം വച്ചത്. ആദ്യഘട്ടത്തില്‍ ഏഴ് മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 114 ബോഡികളിലാണ് ഇത്തരത്തില്‍ പരിഗണിച്ചത്. ഇതില്‍ 42 എണ്ണം മറ്റ് സ്ഥാപനങ്ങളുടേയോ സര്‍വകലാശാലകളുടേയോ കീഴില്‍ കൊണ്ടുവരാനോ കോര്‍പ്പറേറ്റ്‌വത്കരിക്കാനോ തീരുമാനിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് വത്കരിക്കുന്ന സ്ഥാപനങ്ങള്‍ കമ്പനി രൂപത്തിലോ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്ന നിലയിലുള്ള സംവിധാനമായോ പ്രവര്‍ത്തിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വൃത്തങ്ങള്‍ അറിയിക്കുന്നത്. പിഎംഒയിലേയും നിതി ആയോഗിലേയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

42ല്‍ നാലെണ്ണം അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത 24 എണ്ണം മറ്റ് പൊതുസംവിധാനങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരും. 11 എണ്ണം മറ്റ് സ്ഥാപനങ്ങളുമായി ലയിപ്പിക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഐസിഎച്ച്ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച്, ഐസിഎസ്എസ്ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്) എന്നിവയെല്ലാം ഒന്നുകില്‍ ഐസിഎസ്എസ്ആറിന് കീഴില്‍ വരുകയോ അല്ലെങ്കില്‍ ജെഎന്‍യുവിന്റെ ഭാഗമാവുകയോ ചെയ്യും. മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ തന്നെ വരുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് സിന്ധി ലാംഗ്വേജ്, ഒന്നുകില്‍ സിഐഐഎല്ലുമായോ (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജ്) മൈസൂര്‍ സര്‍വകലാശാല പോലുള്ളവയുമായോ ലയിപ്പിക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജ്്, ജാമിയ മിലിയ സര്‍വകലാശാലയുമായോ മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയുമായോ ലയിക്കും. മൗലാന അബ്ദുള്‍ കലാം ആസാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസ്, ഏഷ്യാറ്റിക് സൊസൈറ്റിയുമായോ മറ്റേതെങ്കിലും സര്‍വകലാശാലയുമായോ ലയിപ്പിക്കും.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന ചില്‍ഡ്രണ്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ, ഫിലിം ഡിവിഷന് കീഴിലേയ്ക്ക് മാറ്റും. രണ്ടാംഘട്ട മാറ്റങ്ങള്‍ സംബന്ധിച്ച് ആലോചിക്കാന്‍ നീതി ആയോഗിന്റെ റിവ്യു കമ്മിറ്റി യോഗം ചേരും. മൂന്നാംഘട്ടത്തില്‍ എല്ലാ തരത്തിലുള്ള സ്വയംഭരണം സ്ഥാപനങ്ങള്‍ സംബന്ധിച്ചും തീരുമാനമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍