UPDATES

വിപണി/സാമ്പത്തികം

ഒരു വർഷം നൽകിയ 59000 കോടി രൂപയുടെ കാർഷികവായ്പ എത്തിയത് 615 ബാങ്ക് അക്കൗണ്ടുകളിൽ

കർഷകരുടെ പേരിൽ കുറഞ്ഞ പലിശ നിരക്കിൽ വലിയ കോർപ്പറേഷനുകൾക്ക് വായ്പ നൽകുന്നുവെന്ന് കാർഷികവിദഗ്ധർ

പൊതുമേഖലാ ബാങ്കുകൾ 2016-ൽ നൽകിയ 58561 കോടി രൂപയുടെ കാർഷിക വായ്പയും എത്തിയത് 615 അക്കൗണ്ടുകളിലേക്കാണെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരാശരി ഒരു അക്കൗണ്ടിൽ 95 കോടി രൂപ നൽകി. റിസർവ് ബാങ്കിന് നൽകിയ ഒരു വിവരാവകാശ നിയമ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരം ലഭിച്ചത്. മറ്റു വായ്പകളെക്കാൾ കുറഞ്ഞ പലിശനിരക്കും ലളിതമായ വ്യവസ്ഥകളുമാണ് കാർഷിക വായ്പക്കുള്ളത്. ചെറുകിട, ദരിദ്ര കർഷകരെ സഹായിക്കാനാണ് ഇത്. നിലവിൽ കർഷകർക്ക് 4% പലിശനിരക്കിലാണ് കാർഷികവായ്പ നൽകുന്നത്.

കർഷക സംഘടനയായ റിതു സ്വരാജ്യ വേദികളുടെ സ്ഥാപകൻ കിരൺ കുമാർ വിസ്സ പറയുന്നു, ‘കാർഷിക വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന പല വൻകിട കമ്പനികളും കാർഷിക വായ്പ വിഭാഗത്തിലാണ് വായ്പയെടുക്കുന്നത്. റിലയൻസ് ഫ്രഷ് പോലുള്ള കമ്പനികൾ കാർഷിക-വ്യാപാര വിഭാഗത്തിലാണ് വരുന്നത്. അവർ കാർഷികോത്പന്നങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോഴും സംഭരണശാലകൾ പണിയാനും അതുപോലുള്ള പ്രവർത്തനങ്ങൾക്കുമായി കാർഷിക വായ്പ വിഭാഗത്തിൽ വായ്പ എടുക്കുന്നു.’

രാജ്യത്തെ ചില സാമ്പത്തിക മേഖലകളുടെ വികസനം ഉറപ്പുവരുത്തുന്നതിനായി കൃഷി, ചെറുകിട സംരംഭങ്ങൾ, കയറ്റുമതി,വിദ്യാഭ്യാസം, പാർപ്പിടനിർമ്മാണം, സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങൾ, പുരുത്പാദിപ്പിക്കാവുന്ന ഊർജം എന്നിങ്ങനെയുള്ള ചില മേഖലകൾക്ക് മൊത്തം വായ്പയുടെ ഒരു നിശ്ചിത ഭാഗം നൽകണമെന്ന് ആർ ബി ഐ, ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ മുൻഗണന മേഖല വായ്പനൽകൽ (PSL) എന്ന് വിളിക്കും.

ഈ നയം അനുസരിച്ച് ബാങ്കുകൾ അവരുടെ മൊത്തം വായ്പയുടെ 18% ചെറുകിട, ദരിദ്ര കർഷകരെ ലക്‌ഷ്യം വെച്ച് കാർഷിക മേഖലയ്ക്ക് നൽകണം. “ഇതിന്റെ വലിയൊരു ശതമാനം ബാങ്കുകൾ നൽകുന്നത് കോട്ടപ്പറേറ്റുകൾക്കും വൻകിട കമ്പനികൾക്കും ആണെന്നതാണ് പ്രശ്‌നം. അതിന്റെ ഫലമായി കർഷകർക്ക് ഈ വായ്പകൾ ലഭിക്കുന്നില്ല,” വിസ്സ പറഞ്ഞു.

“PSL നയത്തിന് കീഴിൽ വായ്പയെടുക്കുന്നത് ഈ കമ്പനികൾക്ക് എളുപ്പമാണ്. കാരണം ഇത് നല്കുന്നതിനുള്ള മാനദണ്ഡങ്ങൾ വളരെ അയവുള്ളതും, മറ്റു വായ്പകളെ അപേക്ഷിച്ച് പലിശ നിരക്ക് വളരെ കുറവുമാണ്. ബാങ്കുകൾ വലിയ വായ്പകൾ നൽകുമ്പോൾ അവരുടെ കയ്യിലെ ആസ്‌തിക്ക് കോട്ടം തട്ടുന്നില്ല.” വിസ്സ പറയുന്നു.

സംസ്ഥാനാടിസ്ഥാനത്തിൽ കണക്കുകൾ കിട്ടുന്നതിനായി സ്റേറ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേഖല ശാഖകളിൽ RTI അപേക്ഷ നൽകിയപ്പോൾ മുംബൈ ഒഴികെയുള്ള ഒരു ശാഖയും വിവരം വെളിപ്പെടുത്തിയില്ല. മുംബൈയിലെ ഏറ്റവും സമ്പന്നമായ ശാഖയായ മുംബൈ നഗര ശാഖ, മൂന്ന് അക്കൗണ്ടുകളിലേക്കായി 29.95 കോടി രൂപ നൽകിയതായി വിവരം നൽകി.

ഈ വിവരമനുസരിച്ച് ഓരോ അക്കൗണ്ടിലേക്കും ഏതാണ്ട് ശരാശരി 10 കോടി രൂപ നൽകിയിട്ടുണ്ട്. അതെ ശാഖയിൽത്തന്നെ 9 അക്കൗണ്ടുകളിലേക്കായി 27 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഈ വായ്പ ലഭിച്ചവരുടെ പേരുവിവരങ്ങൾ ബാങ്ക് വെളിപ്പെടുത്തിയില്ല.

കർഷകരുടെ പേരിലുള്ള പ്രഖ്യാപനങ്ങൾക്കു ശേഷമാണ് ഈ വൻകിട കോർപ്പറേഷനുകൾക്ക് തുച്ഛമായ പലിശനിരക്കിൽ വായ്പകൾ നൽകുന്നതെന്ന് കാർഷിക വിദഗ്ധൻ ദേവീന്ദർ ശർമ്മ പറഞ്ഞു. “കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് വെറും പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണുള്ളത്,” അദ്ദേഹം പറഞ്ഞു. “100 കോടി രൂപ വായ്പ ലഭിക്കുന്ന തരത്തിലുള്ള ഏതു കർഷകനാണുള്ളത്? ഇതെല്ലാം വെറും നാടകമാണ്.”എന്തുകൊണ്ടാണ് കര്‍ഷകരുടെ പേരിൽ വ്യവസായത്തിന് വായ്പ നൽകുന്നത്?” ഈ മൊത്തം പ്രക്രിയയിൽ നിന്നും ബാങ്കുകൾക്കും ഗുണമുണ്ടെന്നും അതുകൊണ്ടാണ് ഇത്ര വലിയ വായ്പകൾ കാർഷിക വായ്പ വിഭാഗത്തിൽ നൽകുന്നതെന്നും ശർമ്മ പറയുന്നു. “100 കോടി രൂപ വളരെ എളുപ്പത്തിൽ ഒരു കമ്പനിക്ക് നൽകാനാകും. ഇത്രയും പണം കർഷകർക്ക് നൽകണമെങ്കിൽ കുറഞ്ഞത് 200 പേരെങ്കിലും വേണം. തങ്ങളുടെ വിഭവങ്ങൾ കുറയാതെതന്നെ ബാങ്കുകൾക്ക് ഇങ്ങനെ 18% എന്ന ലക്ഷ്യം പെട്ടെന്ന് നേടാനാകും.”

2014-15-ൽ എൻ ഡി എ സർക്കാർ 8.5 കോടി രൂപ കാർഷികവായ്പ നൽകി. 2018-19-ൽ അത് 11 ലക്ഷം കോടി രൂപയായി വർധിച്ചു. എന്നാൽ വിവരാവകാശ അപേക്ഷകൾ പ്രകാരം ആർ ബി ഐയിൽ നിന്നും ലഭിച്ച മറുപടികൾ കാണിക്കുന്നത് ഇതിൽ ഏറിയ പങ്കും വലിയ വായ്പകളാണ് എന്നാണ്. കാർഷിക-വ്യാപാര കമ്പനികൾക്കും വ്യവസായ മേഖലയ്ക്കുമാണ് ഈ വായ്പകൾ പോകുന്നതെന്ന് വിദഗ്ധർ പറയുന്നു.

മൂന്ന് ഉപവിഭാഗങ്ങളിലായാണ് കാർഷിക വായ്പകൾ നൽകുന്നത്- കാർഷിക കടം, കാർഷിക അടിത്തറ അടിസ്ഥാന സൗകര്യങ്ങൾ, പിന്തുണ പ്രവർത്തനങ്ങൾ. സംഭരണശാലകളും ശീതീകൃത സംഭരണികളുമൊക്കെ അടിത്തറ അടിസ്ഥാന സൗകര്യത്തിൽ ഉൾപ്പെടും. ഇതിനു 100 കോടി രൂപവരെ വായ്പ നൽകും. കാർഷിക ക്ലിനിക്കുകൾ, കാർഷിക വ്യാപാര കേന്ദ്രങ്ങൾ എന്നിവ പിന്തുണ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. ഇതിനുള്ള വായ്പയുടെ പരിധിയും 100 കോടി രൂപയാണ്.

2016-നു മുമ്പും കാർഷിക വായ്പയുടെ പേരിൽ ആളുകൾക്ക് വലിയ തുക വായ്പയായി നൽകിയിട്ടുണ്ടെന്ന് ആർ ബി ഐയിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നു. 2015-ൽ 604 അക്കൗണ്ടുകളിലേക്കായി 52143 കോടി രൂപ ലഭിച്ചു. അതായത് ശരാശരി ഒരു അക്കൗണ്ടിൽ 86.33 കോടി രൂപ. അതേസമയം 60156 കോടി രൂപ 2014-ൽ കാർഷിക വായ്പ നൽകി. ഒരു അക്കൗണ്ടിൽ ശരാശരി 91.28 കോടി രൂപ. യു പി എ സർക്കാരിന്റെ കാലത്തും ഇതേ രീതിതന്നെയാണ് അവലംബിച്ചിരുന്നത്.

2013-ൽ 665 അക്കൗണ്ടുകളിലേക്കായി 56000 കോടി രൂപ കാർഷിക വായ്പ നൽകി. ശരാശരി ഒരു അക്കൗണ്ടിൽ 84.30 കോടി രൂപ. 2012-ൽ ഇത് 55504 കോടി രൂപ 698 അക്കൗണ്ടുകളിലേക്ക് ഒരു അക്കൗണ്ടിൽ ശരാശരി 79.51 കോടി രൂപ എന്ന കണക്കിലെത്തി. സർക്കാർ കർഷകരെ ആദ്യം കടത്തിന്റെ ഒരു ദുരിതചക്രത്തിൽ കുറക്കുകയും പിന്നെ കർഷകൻ വായ്പക്കായി ബാങ്കുകളെ സമീപിക്കുമ്പോൾ അവരെ പീഡിപ്പിക്കുകയും ചെയ്യുന്നു എന്ന് ആം കിസാൻ യൂണിയൻ അംഗവും മധ്യപ്രദേശിൽ നിന്നുള്ള കർഷകനുമായ കേദാർ ഷോണി പറഞ്ഞു. തങ്ങളുടെ പേരിൽ പദ്ധതികൾ തുടങ്ങുകയും വൻകിട കോർപ്പറേറ്റുകൾക്ക് സർക്കാർ നൂറുകണക്കിന് കോടി രൂപ നൽകുകയും ചെയ്യുന്നു എന്ന് സാധാരണക്കാരനായ കർഷകന് സങ്കല്പിക്കാൻപ്പോലും ആകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ ഇട്ടാവയിൽ നാലേക്കർ ഭൂമിയിലാണ് സഞ്ജീവ് കൃഷി ചെയ്യുന്നത്. വായ്പ കിട്ടാൻ സഹായിക്കുന്ന ഇടനിലക്കാർ വായ്പയുടെ നല്ലൊരു പങ്കും കൈക്കലാക്കുന്നു എന്നയാൾ പറഞ്ഞു. “കയ്യിൽ കാശില്ലാതെയാണ് മിക്ക കർഷകരും വായ്പയെടുക്കുന്നത്. അതിനുവേണ്ടിപ്പോലും അവർക്കു പലവട്ടം ബാങ്കുകളിൽ കയറിയിറങ്ങേണ്ടിവരികയും ബാങ്ക് ജീവനക്കാരുടെ അവഹേളനങ്ങൾ കേൾക്കേണ്ടിവരികയും ചെയ്യുന്നു. ഈ 615 അക്കൗണ്ട് ഉടമകൾക്ക് ഇത്രയും പണം വായ്പ ലഭിച്ചു എന്നത് വലിയ അമ്പരപ്പാണുണ്ടാക്കുന്നത്.”

കർഷകർക്കും കാർഷിക വ്യാപാരത്തിനും നൽകുന്ന വായ്പകൾ വേർതിരിക്കണമെന്നു ദേവീന്ദർ ശർമ്മ ആവശ്യപ്പെട്ടു. കാർഷികം എന്ന പേരിൽ കമ്പനികൾക്ക് വായ്പ നൽകി കർഷകരെ പറ്റിക്കരുത്. താനീ നിർദ്ദേശം ധനമന്ത്രിക്ക് നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ശർമ്മ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍