UPDATES

രാജ്യത്തെ ആദ്യ ഐടി തൊഴിലാളി യൂണിയന്‍ നിലവില്‍ വന്നു

കര്‍ണാടക സ്റ്റേറ്റ് ഐടി – ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ (കെഐടിയു) എന്ന പേരിലാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചിരിക്കുന്നത്.

രാജ്യത്ത് ഐടി മേഖലയിലെ ആദ്യ തൊഴിലാളി യൂണിയന്‍ ബംഗളൂരുവില്‍ നിലവില്‍ വന്നു. കര്‍ണാടക സ്റ്റേറ്റ് ഐടി – ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ (കെഐടിയു) എന്ന പേരിലാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചിരിക്കുന്നത്. ഇരുനൂറോളം ഐടി ജീവനക്കാരാണ് രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തത്. ഐടി കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടലുകളും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതും വ്യാപകമായിരിക്കുന്നതിന് ഇടയിലാണ് ട്രേഡ് യൂണിയന്‍ രൂപീകരണം.

നേരത്തെ ഐടി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വ്യക്തിഗതമായി ഒതുങ്ങി നിന്നിരുന്നതായും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ട്രേഡ് യൂണിയന്‍ സഹായകമാകുമെന്നിം കെഐടിയു ജനറല്‍ സെക്രട്ടറി വിനീതും പ്രസിഡന്റ് അമാനുള്ള ഖാനും പറയുന്നു. മൈന്‍ഡ് ട്രീയിലാണ് വിനീത് ജോലി ചെയ്യുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി വിനീത് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഐടി എംപ്ലോയീസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും രജിസ്റ്റര്‍ ചെയ്ത ട്രേഡ് യൂണിയന്‍ അല്ലാത്തതിന്റെ പരിമിതികള്‍ ഇതിനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമപരമായ സാധുതയുള്ളതും തൊഴിലാളികളെ പ്രതിനിധീകരിക്കാന്‍ സാധിക്കുന്നതുമായ യൂണിയന്‍ നിലവില്‍ വന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നു. സംഘടിക്കാനും തൊഴിലാളി യൂണിയനില്‍ അംഗമാകാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും യൂണിയന്‍ അനിവാര്യമാണെന്നും വിപ്രോ ജീവനക്കാരന്‍ സേതുമാധവന്‍ പറഞ്ഞു.

തൊഴിലാളി യൂണിയനുകള്‍ സാമൂഹ്യവിരുദ്ധ, ദേശീയ വിരുദ്ധ പ്രസ്ഥാനങ്ങളാണെന്ന് ചിത്രീകരിക്കുന്ന പ്രവണതകള്‍ ശക്തമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്നവരായാണ് പലരും യൂണിയനുകളെ ചിത്രീകരിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ല. നാസ്‌കോമും (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ്) സര്‍ക്കാരും ഐടി മേഖലയിലെ ട്രേഡ് യൂണിയന്‍ രൂപീകരണത്തില്‍ അസ്വസ്ഥരാകാം. എന്നാല്‍ ഞങ്ങള്‍ തുല്യനീതി ഉറപ്പുവരുത്താനായി പ്രവര്‍ത്തിക്കുന്നവരാണ് – അമാനുള്ള ഖാന്‍ പറഞ്ഞു.

ഐടി മേഖലയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. ചിലപ്പോള്‍ ഒരു ദിവസം 15 മണിക്കൂര്‍ പണിയെടുക്കേണ്ടി വരുന്ന പ്രോജക്ടുകളായിരിക്കും തരുന്നത്. എന്നാല്‍ അധിക മണിക്കൂറുകള്‍ക്ക് 25 രൂപ മാത്രമാണ് തരുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി യൂണിയന്‍ അനിവാര്യമായിരുന്നുവെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഐബിഎം ജീവനക്കാരിയുമായ അക്ഷയ പറഞ്ഞു. ബംഗളൂരുവിന് പിന്നാലെ ചെന്നൈയിലും ഐടി ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കാന്‍ അപേക്ഷ നല്‍കി കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍