UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം സിആര്‍പിഎഫ് ക്യാമ്പില്‍ വലിയ ഭക്ഷ്യവിഷബാധ: നാനൂറോളം ജവാന്മാരെ ബാധിച്ചു

വൈകുന്നേരം കഴിച്ച ഭക്ഷണത്തില്‍ ഉള്‍പ്പെട്ട മത്സ്യത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ വലിയ ഭക്ഷ്യവിഷബാധ. നാനൂറോളം ജവാന്മാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരുന്നൂറോളം പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം കഴിച്ച ഭക്ഷണത്തില്‍ ഉള്‍പ്പെട്ട മത്സ്യത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. പ്രാഥമിക ചികിത്സ നല്‍കി ഇവരെ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്. വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചിലരുടെ ദേഹത്ത് ചുവന്ന തടിപ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിഷബാധയേറ്റ ജവാന്‍മാരിലധികവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഭക്ഷ്യവിഷബാധ ആയതിനാലാണ് എല്ലാവരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. അപ്രതീക്ഷിതമായി നിരവധി പേരെ അഡ്മിറ്റ് ചെയ്യേണ്ടി വന്നെങ്കിലും ലീവിലായിരുന്നവര്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ളതിനാല്‍ ചികിത്സയ്ക്ക് തടസമൊന്നുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ഭക്ഷ്യവിഷബാധയേറ്റവരെ സന്ദര്‍ശിച്ചു. ഗുരുതര സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. വിഷബാധ ഉണ്ടായത് എങ്ങനെയെന്നറിയാന്‍ സിആര്‍പിഎഫ് ക്യാമ്പിലെ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍