UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

1952ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1957ല്‍ കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീ ചിത്ര മെഡിക്കല്‍ സെന്‍ററിലാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1957ലെ ആദ്യ കേരള നിയമസഭ മുതല്‍ ആറു തവണ നിയമസഭാംഗമായി. 1967, 77, 80, 87, 96 വര്‍ഷങ്ങളിലാണ് പിന്നീട് നിയമസഭയിലെത്തിയത്. 1980, 87, 96 വര്‍ഷങ്ങളില്‍ ഇകെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭകളില്‍ അംഗമായി. മൂന്ന് തവണയും ഭക്ഷ്യ വകുപ്പാണ് കൈകാര്യം ചെയ്തത്. 1980ല്‍ ചന്ദ്രശേഖരന്‍ നായര്‍ മന്ത്രി ആയിരിക്കെയാണ് ഓണ ചന്തകള്‍ക്കും മാവേലി സ്റ്റോറിലും തുടക്കം കുറിച്ചത്. സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു നേരത്തെ.

1928 ഡിസംബര്‍ രണ്ടിന് എ ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടേയും മകനായി കൊട്ടാരക്കരയില്‍ ജനനം. അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിഎസ്.സി ബിരുദവും എറണാകുളം ലോ കോളേജില്‍നിന്നും ബി.എല്‍ (നിയമ) ബിരുദവും നേടി. അണ്ണാമലൈ സര്‍വകലാശാലയിലെ പഠനകാലത്ത്‌ സ്റ്റുഡന്റ്സ് കോണ്‍ഗ്രസിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തി. 1948ല്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1952ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍. 1954ല്‍ തിരുകൊച്ചിയിലെ ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. 1957ല്‍ കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് സഭയില്‍ പ്രതിപക്ഷ ആക്രമണങ്ങള്‍ക്ക് മറുപടിയുമായും സര്‍ക്കാരിന് പ്രതിരോധം തീര്‍ത്തുകൊണ്ടും സജീവമായി ഇടപെട്ടിരുന്ന യുവ കമ്മ്യൂണിസ്റ്റ് എംഎല്‍എമാര്‍ ‘ജിഞ്ചര്‍ ഗ്രൂപ്പ്’ എന്ന പേരില്‍ പ്രശസ്തരായിരുന്നു. വെളിയം ഭാര്‍ഗവന്‍, പി ഗോവിന്ദ പിള്ള, തോപ്പില്‍ ഭാസി തുടങ്ങിയവര്‍ അടങ്ങിയ സംഘത്തില്‍ ചന്ദ്രശേഖരന്‍ നായരും ഉണ്ടായിരുന്നു.

1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സിപിഐ ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്ന് ആര്‍ ബാലകൃഷ്ണ പിള്ളയെ തോല്‍പ്പിച്ച് നിയമസഭയിലെത്തി. 1969ല്‍ ഇഎംഎസ് മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ച് പുറത്തുവന്ന സിപിഐ, കോണ്‍ഗ്രസ് പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് അക്കാലത്ത് രാജ്യസഭാംഗം ആയിരുന്ന സി അച്യുത മേനോനെയാണ്. 1969 നവംബര്‍ ഒന്നിന് അച്യുത മേനോന്‍ മുഖ്യമന്ത്രിയായി. അച്യുത മേനോന് മത്സരിക്കാന്‍ വേണ്ടി ചന്ദ്രശേഖരന്‍ നായര്‍ എംഎല്‍എ സ്ഥാനം രാജി വച്ചു. 1977ലും 80ലും ചടയമംഗലത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 82ലെ തിരഞ്ഞെടുപ്പില്‍ ബാലകൃഷ്ണ പിള്ളയോട് കൊട്ടാരക്കരയില്‍ പരാജയപ്പെട്ടു. 1987ല്‍ പത്തനാപുരത്ത് നിന്നാണ് ജയിച്ചത്. 1996ല്‍ കരുനാഗപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തി. എല്ലാ തവണയും ഭരണപക്ഷ എംഎല്‍എ ആയിരുന്നു ചന്ദ്രശേഖരന്‍ നായര്‍ എന്ന പ്രത്യേകതയുണ്ട്.

1970 വരെ അഭിഭാഷകനായി പ്രാക്ടീസ് തുടര്‍ന്നിരുന്നു. സഹകരണ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. എട്ട് വര്‍ഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്നു. ദീര്‍ഘകാലം കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് ആയിരുന്നു. 1980ല്‍ സബ്ജക്റ്റ് കമ്മിറ്റികളുടെ രൂപീകരണത്തിനായുള്ള അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷനായി. ബജറ്റിന്റെ വിശദ പരിശോധനയ്ക്കായി 10 സബ്ജക്റ്റ് കമ്മിറ്റികള്‍ക്കായി ശുപാര്‍ശ ചെയ്തത് ഇന്ത്യയില്‍ തന്നെ നിയമസഭാ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ഈ കമ്മിറ്റികളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്തി 1999ല്‍ അദ്ദേഹം അധ്യക്ഷനായുള്ള കമ്മിറ്റിയാണ് തുടര്‍ന്ന് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും തയ്യാറാക്കിയത്.

ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തോടെ ആദ്യ കേരള നിയമസഭയില്‍ അംഗങ്ങളായിരുന്നവരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍ കെ ആര്‍ ഗൗരിയമ്മ മാത്രമായിരിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഇന്ത്യന്‍ ആത്മീയ ധാരകളുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരന്‍ നായര്‍ പഠനം നടത്തിയിരുന്നു. പുസ്തകങ്ങള്‍ ശ്രദ്ധേയമായി. മറക്കാത്ത ഓര്‍മ്മകള്‍ എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി. മനോരമ നായരാണ് ഭാര്യ. ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരം തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍