UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സുമനെ മര്‍ദ്ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വീഡിയോകള്‍ നശിപ്പിച്ചതായി പരാതിയുണ്ട്.

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ റായ്പൂര്‍ ജില്ലാ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെയാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ബിജെപി ജില്ല പ്രസിഡന്റ് രാജീവ് അഗര്‍വാള്‍, പ്രാദേശിക നേതാക്കളായ വിജയ് വ്യാസ്, ഉത്കര്‍ഷ് ത്രിവേദി, ദീന ദോംഗ്രെ എന്നിവരാണ് അറസ്റ്റിലായത്. ഈ നാല് പേരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഓഫീസിനുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മൊബൈലില്‍ വീഡിയോ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഒരു സംഘം ബിജെപി നേതാക്കള്‍ തന്നെ ആക്രമിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ പാണ്ഡെ പറയുന്നു. സുമന്‍ പാണ്ഡെയ്ക്ക് തലയ്ക്ക് ചെറിയ പരിക്കേറ്റു. 20 മിനുട്ടോളം തന്നെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഒരു മുറിയില്‍ പിടിച്ചിരുത്തിയതായും സുമന്‍ പാണ്ഡെ പറയുന്നു. സുമനെ മര്‍ദ്ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വീഡിയോകള്‍ നശിപ്പിച്ചതായി പരാതിയുണ്ട്.

അതേസമയം മര്‍ദ്ദിച്ചിട്ടില്ലെന്നും വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത് എന്നുമാണ് ബിജെപി വക്താവ് സച്ചിദാനന്ദ് ഉപാസനെയുടെ വിശദീകരണം. പാണ്ഡെയോട് പ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞതായും ബിജെപി നേതാവ് പറയുന്നത്. തുടക്കത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പുറത്തുപോകാന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നതായും ഉപാസനെ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍