UPDATES

ട്രെന്‍ഡിങ്ങ്

ഗോരഖ്പൂര്‍ ദുരന്തം; ബിജെപിയില്‍ പൊട്ടിത്തെറി; ആദിത്യനാഥ് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യം

മുഖ്യമന്ത്രിക്ക് വകുപ്പുകളുടെ അമിതഭാരമുണ്ടെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതി

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 70 ഓളം കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്ത് എത്തിക്കഴിഞ്ഞു. യോഗി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് കത്തെഴുതി. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായാണ് വിമര്‍ശകരുടെ വാദം. 32 ഓളം വകുപ്പുകള്‍ യോഗി വഹിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് ആദ്യം കേശവ പ്രസാദ് മൗര്യക്കായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും വകുപ്പ് തനിക്ക് തന്നെ വേണമെന്ന പിടിവാശിയില്‍ അതു നേടിയെടുക്കുകയായിരുന്നു ആദിത്യനാഥ്.

നിലവിലെ സാഹചര്യത്തില്‍ നഷ്ടപ്പെട്ട ആഭ്യന്തരം തിരികെ പിടിക്കാനുള്ള ശ്രമമാണ് കേശവ് പ്രസാദ് ക്യാമ്പില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. മുതിര്‍ന്ന നേതാവ് ഓം മാഥൂറിനെയാണ് കേന്ദ്രനേതൃത്വത്തില്‍ ഈ കാര്യം ധരിപ്പിക്കാന്‍ ഏല്‍പ്പിച്ചത്.

യോഗി ആദിത്യനാഥിന്റെ മണ്ഡലംകൂടിയായ ഗോരഖ്പൂരിലെ മെഡിക്കല്‍ കോളേജില്‍ ദിവസങ്ങള്‍ക്കുള്ളില്‍ 72 ഓളം കുഞ്ഞുങ്ങള്‍ മരിച്ചത് രാജ്യത്താകമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ 30 ഓളം കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ ദൗര്‍ലഭ്യമാണ് കുട്ടികളുടെ മരണത്തിന് കാരണമായി തീര്‍ന്നതെന്നതാണ് പ്രതിഷേധവും വിമര്‍ശനവും ശക്തമാക്കിയത്. മസ്തിഷ്‌കവീക്കമാണ് കുട്ടികളുടെ മരണകാരണമെന്നും ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ടല്ല ദുരന്തം ഉണ്ടായതെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം ന്യായീകരണങ്ങള്‍ ഇറക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരേ പുകയുന്ന പ്രതിഷേധം കൂടുതല്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.  സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട് നാല് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയുമെല്ലാം യോഗി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. ഇതിനിടയിലാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും തന്നെ മുഖ്യമന്ത്രിക്കെതിരേ നീക്കം തുടങ്ങിയിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍