UPDATES

ന്യൂസ് അപ്ഡേറ്റ്സ്

66 ഉല്‍പ്പന്നങ്ങളുടെ ജി എസ് ടി നിരക്കുകള്‍ വെട്ടിക്കുറച്ചു; ഇന്‍സുലിന്റെ നികുതി ഏഴ് ശതമാനം കുറച്ചു

ചെറുകിട വ്യാപാരികള്‍ക്കും നിര്‍മ്മാണ സംരംഭകര്‍ക്കും പുതുക്കിയ നികുതി നിരക്കുകള്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

66 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകള്‍ ജി എസ് ടി കൗണ്‍സില്‍ വെട്ടിക്കുറച്ചു. 133 ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് കൗണ്‍സിലിന് മുന്നില്‍ വന്നത്. സംസ്ഥാന ധന മന്ത്രിമാര്‍ ഉള്‍പ്പെടുന്ന കൗണ്‍സിലിന്റെ യോഗത്തിന് ശേഷം ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം അറിയിച്ചത്. പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍, അച്ചാര്‍, പാക്കേജ്ഡ് ഫുഡ് പോലെയുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍, സിനിമ ടിക്കറ്റുകള്‍ തുടങ്ങിയവയുടെ വില കുറയും. ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.

അച്ചാര്‍, പാക്കേജ്ഡ് ഫുഡ് തുടങ്ങിയവയ്ക്ക് നേരത്തെയുണ്ടായിരുന്ന 18 ശതമാനം നികുതി 12 ശതമാനമായി കുറയും. സിനിമ ടിക്കറ്റുകള്‍, സ്‌കൂള്‍ ബാഗുകള്‍, കമ്പ്യൂട്ടര്‍ പ്രിന്ററുകള്‍, സിസിടിവി ക്യാമറകള്‍ തുടങ്ങിയവയുടെ നികുതി നേരത്തെയുണ്ടായിരുന്ന 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറയും. ഇന്‍സുലിന്‍, അഗര്‍ബത്തി, അണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ നികുതി 12ല്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറയുക.

കമല്‍ഹാസന്‍ അടക്കമുള്ള നടന്മാര്‍ മുന്നോട്ട് വച്ച വിനോദ നികുതി സംബന്ധിച്ച പ്രശ്‌നവും പരിഗണിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളാണ് വിനോദ നികുതി ഈടാക്കുന്നതെന്നും 20 മുതല്‍ 110 ശതമാനം വരെ നികുതിയാണ് ഇത്തരത്തില്‍ ഈടാക്കുന്നുണ്ടെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. അതേസമയം പ്രാദേശികഭാഷാ സിനിമകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് നല്‍കുന്നുണ്ട്. വിനോദ നികുതിയെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനം നികുതിയും 100ഉം അതിന് താഴെയുമുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനം നികുതിയുമായിരിക്കും ഏര്‍പ്പെടുത്തുക.

ചെറുകിട വ്യാപാരികള്‍ക്കും നിര്‍മ്മാണ സംരംഭകര്‍ക്കും പുതുക്കിയ നികുതി നിരക്കുകള്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. 20 ലക്ഷത്തില്‍ കുറവ് വിറ്റുവരവുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ല. 20 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്കുള്ളവര്‍ക്ക് കോംപോസിഷന്‍ സ്്കീം പ്രകാരം താരതമ്യേന കുറഞ്ഞ നികുതി ഏര്‍പ്പെടുത്തും. സ്‌കീം പ്രകാരം വ്യാപാരികള്‍ ഒരു ശതമാനം, മാനുഫാക്ച്വറേര്‍സ് രണ്ട് ശതമാനം, ഹോട്ടലുടമകള്‍ അഞ്ച് ശതമാനം എന്നിങ്ങനെയാണ് നികുതി നിരക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍