UPDATES

വിപണി/സാമ്പത്തികം

5000 കോടിയുടെ വായ്പാ തട്ടിപ്പ്: ഗുജറാത്ത് വ്യവസായി നൈജീരിയയിലേയ്ക്ക് കടന്നു

ഇന്ത്യയിലും വിദേശത്തുമായി മുന്നൂറോളം ഷെല്‍ കമ്പനികള്‍ (കടലാസ് കമ്പനികള്‍) സന്ദേശര കുടുംബം സ്ഥാപിച്ചിരുന്നു. ഇത് വായ്പാ തട്ടിപ്പിനും പണം വിദേശത്തേയ്ക്ക് കടത്തുന്നതിനായും ഉപയോഗിച്ചു.

5000 കോടി രൂപയുടെ വായ്പ തട്ടിപ്പില്‍ ആരോപണ വിധേയനായ ഗുജറാത്ത് വ്യവസായി നൈജീരിയയിലേയ്ക്ക് മുങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌റ്റെര്‍ലിംഗ് ബയോടെക് കമ്പനി ഉടമ നിതിന്‍ സന്ദേശരയാണ് കുടുംബത്തോടൊപ്പം നൈജീരിയയിലേയ്ക്ക് പോയതായി റിപ്പോര്‍ട്ട്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള നിതിന്‍ സന്ദേശരയെ നേരത്തെ ദുബായില്‍ കസ്റ്റഡിയിലെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് രണ്ടാം വാരമാണ് ദുബായ് അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തതായി വാര്‍ത്ത വന്നത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണ് എന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തില്‍ നിതിന്‍ സന്ദേശര കസ്റ്റഡിയിലായിട്ടില്ല.

ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ വിവിധ ബാങ്കുകളില്‍ നിന്നാണ് സ്‌റ്റെര്‍ലിംഗ് ബയോടെക് വായ്പകളെടുത്തത്. ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയടങ്ങിയ കണ്‍സോര്‍ഷ്യമാണ് വായ്പ നല്‍കിയത്.

നിതിന്റെ സഹോദരന്‍ അടക്കമുള്ള കുടുംബാംഗങ്ങളും കേസില്‍ പ്രതികളാണ്. കുറ്റവാളികളെ കൈമാറാന്‍ നൈജീരിയയുമായി ഇന്ത്യക്ക് കരാറില്ല. ഈ സാഹചര്യത്തില്‍ എക്‌സ്ട്രാഡിഷനും വിചാരണ നടപടികളും ദുഷ്‌കരമാകും. ഇന്റര്‍പോളുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്നുണ്ട്.

നിതിന്‍ സന്ദേശര, സഹോദരന്‍ ചേതന്‍ സന്ദേശര, സഹോദരന്റെ ഭാര്യ ദീപ്തി സന്ദേശര, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഹേമന്ദ് ഹാഥി, മുന്‍ ആന്ധ്ര ബാങ്ക് ഡയറക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരാണ് കേസിലെ പ്രതികള്‍. ജൂണില്‍ ഡല്‍ഹി വ്യവസായി ഗഗന്‍ ധവാനേയും അനൂപ് ഗാര്‍ഗിനേയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുകയും ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിന്റെ 4700 കോടിയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി മുന്നൂറോളം ഷെല്‍ കമ്പനികള്‍ (കടലാസ് കമ്പനികള്‍) സന്ദേശര കുടുംബം സ്ഥാപിച്ചിരുന്നു. ഇത് വായ്പാ തട്ടിപ്പിനും പണം വിദേശത്തേയ്ക്ക് കടത്തുന്നതിനായും ഉപയോഗിച്ചു.

READ ALSO: വിജയ്‌ മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി; പണ തട്ടിപ്പുകാര്‍ക്ക് ഇന്ത്യ ഒരുക്കിയ പട്ടുപാതകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍