UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാപൂരില്‍ ആള്‍ക്കൂട്ട കൊല നടത്തിയവരെ വെളിപ്പെടുത്തുന്ന സ്റ്റിംഗ് ഓപ്പറേഷന്‍: സുപ്രീം കോടതി ഇടപെട്ടു; അടുത്ത തിങ്കളാഴ്ച വാദം

മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു പടയെ താന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ആരെങ്കിലും പശുവിനെ കൊന്നാല്‍ അവരെ കൊന്ന് എത്ര തവണ വേണമെങ്കിലും ജയിലില്‍ പോകുമെന്നും യുധിഷ്ടിര്‍ സിസോദിയ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ആള്‍ക്കൂട്ട കൊല നടത്തിയവര്‍ തങ്ങള്‍ ചെയ്ത കുറ്റം സമ്മതിക്കുന്ന എന്‍ഡിവിയുടെ സ്റ്റിംഗ് ഓപ്പറേഷന്‍ ശ്രദ്ധിച്ച സുപ്രീംകോടതി കേസില്‍ അടുത്ത തിങ്കളാഴ്ച വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കി. അവര്‍ പശുവിനെ കൊന്നു, അതുകൊണ്ട് ഞങ്ങള്‍ അയാളെ കൊന്നു എന്നാണ് യുധിഷ്ടിര്‍ സിംഗ് സിസോദിയ എന്നയാള്‍ എന്‍ഡിടിവിയുടെ ഒളിക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത്. ഖാസിം ഖുറെയ്ഷി എന്ന 45കാരനെയാണ് പശുവിനെ കശാപ്പ് ചെയ്യാന്‍ കൊണ്ടുപോകുന്നു എന്നാരോപിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ തല്ലിക്കൊന്നത്. ജൂണ്‍ 18നായിരുന്നു സംഭവം. പൊലീസിനൊപ്പമാണ് ഗോരക്ഷ ഗുണ്ടകള്‍ ഖാസിമിനെ വലിച്ചിഴച്ച് കൊണ്ടുപോയത്. സമിയുദ്ദീന്‍ എന്ന 65കാരനേയും അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഖാസിം ഖുറെയ്ഷി കുടിക്കാന്‍ വെള്ളം ചോദിച്ചിട്ടും തങ്ങള്‍ ഒരു തുള്ളി പോലും കൊടുത്തില്ലെന്നും ‘അഭിമാന’പൂര്‍വം യുധിഷ്ഠിര്‍ വെളിപ്പെടുത്തി. ആര്‍എസ്എസിനെക്കുറിച്ച് ഗവേഷണം നടത്തുന്നവരെന്ന വ്യാജേനയാണ് എന്‍ഡിടിവി സംഘം ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്.

താന്‍ ജയിലറോടും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതായി യുധിഷ്ടിര്‍ പറഞ്ഞു. അഞ്ചാഴ്ച ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ തന്നെ ഒരു വീരനായകനെ പോലെയാണ് നാട്ടുകാര്‍ സ്വീകരിച്ചതെന്നും യുധിഷ്ടിര്‍ സിസോദിയ ഓര്‍ക്കുന്നു. മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരു പടയെ താന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ആരെങ്കിലും പശുവിനെ കൊന്നാല്‍ അവരെ കൊന്ന് എത്ര തവണ വേണമെങ്കിലും ജയിലില്‍ പോകുമെന്നും യുധിഷ്ടിര്‍ സിസോദിയ പറഞ്ഞു. ഖാസിമിന്റെ കൊലപാതകവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് യുധിഷ്ടിര്‍ കോടതിയില്‍ പറഞ്ഞിരുന്നത്.

കേസില്‍ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ഖാസിമിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് അടുത്തയാഴ്ച വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഖാസിമിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. നീതിപൂര്‍വമായ വിചാരണക്കായി ബിജെപി ഭരിക്കുന്ന യുപിക്ക് പുറത്തേയ്ക്ക് കേസ് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍