UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാം റഹീം കേസില്‍ ഹരിയാന കോടതി ഇന്ന് വിധി പറയും; പഞ്ച് കുളയില്‍ സൈന്യത്തെ വിന്യസിച്ചു

പൊലീസിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും പുറമെ മേഖലയില്‍ കരസേനയെ വിന്യസിച്ചിട്ടുണ്ട്. ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്.

ദേര സച്ച സൗദ് സ്ഥാപകനും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് രാംറഹീം സിംഗിനെതിരായ ബലാത്സംഗ കേസില്‍ ഹരിയാനയിലെ പഞ്ച്കുളയിലുള്ള കോടതി ഇന്ന് വിധി പറയും. രാം റഹീമിന്റെ പതിനായിരക്കണക്കിന് വരുന്ന അനുയായികളാണ് ഛണ്ഡിഗഡില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുളള പഞ്ച്കുളയില്‍ തടിച്ചുകൂടിയിരിക്കുന്നത്. കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും പുറമെ മേഖലയില്‍ കരസേനയെ വിന്യസിച്ചിട്ടുണ്ട്. അനുയായികളോട് മടങ്ങിപ്പോകാന്‍ രാം റഹീം ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഉച്ചയ്ക്ക് 2.30ന് ശേഷമായിരിക്കും കോടതി വിധി പറയുക.

2002ല്‍ രണ്ട് വനിതാ അനുയായികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് രാം റഹീം വിചാരണ നേരിടുന്നത്.
കോടതി പരിസരത്തും രാം റഹീമിന്റെ ആസ്ഥാനമായ സിര്‍സയിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലായിരിക്കും രാംറഹീമിനെ പഞ്ച്കുള കോടതിയിലെത്തിക്കുക. കര്‍ഫ്യൂ സമാനമായ സ്ഥിതിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. 15,000 പാരാമിലിട്ടറി ട്രൂപ്പുകളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. അതേസമയം പല ബഹുരാഷ്ട്ര കമ്പനികളും പ്രവര്‍ത്തിക്കുന്ന ഗുഡ്ഗാവിനെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഞ്ച്കുളയിലും ഛണ്ഡിഗഡിലും സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ അടക്കമുള്ള വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് അവധി നല്‍കിയിട്ടുണ്ട്. പഞ്ച്കുളയിലേയ്ക്കടക്കമുള്ള 27 ട്രെയ്‌നുകള്‍ റദ്ദാക്കി. പഞ്ച്കുളയിലേയ്ക്കുള്ള റോഡ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. പഞ്ചാബിലേയും ഹരിയാനയിലേയും മൂന്ന് സ്റ്റേഡിയങ്ങള്‍ കഴിഞ്ഞ ദിവസം ജയിലുകളാക്കി മാറ്റേണ്ടി വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍