UPDATES

വാര്‍ത്തകള്‍

ഹരിയാനയില്‍ സഖ്യമില്ലെങ്കില്‍ ഡല്‍ഹിയിലും സഖ്യമില്ല: കോണ്‍ഗ്രസിനോട് ആം ആദ്മി പാര്‍ട്ടി

ഹരിയാനയില്‍ സഖ്യമില്ലെങ്കില്‍ മറ്റെവിടെയും സഖ്യമുണ്ടാവില്ലെന്ന് എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് വ്യക്തമാക്കി.

ഹരിയാനയില്‍ സഖ്യത്തിന് തയ്യാറല്ലെങ്കില്‍ ഡല്‍ഹിയടക്കം മറ്റെവിടെയും സഖ്യമുണ്ടാകില്ല എന്ന് കോണ്‍ഗ്രസിനോട് ആം ആദ്മി പാര്‍ട്ടി. ഹരിയാനയിലോ പഞ്ചാബിലോ എഎപിയുമായി സഖ്യമുണ്ടാക്കുന്ന പരിപാടിയില്ലെന്നും ഡല്‍ഹിയില്‍ സഖ്യം പരിഗണനയിലാണ് എന്നുമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞത്. അതേസമയം ഹരിയാനയില്‍ സഖ്യമില്ലെങ്കിലും മറ്റെവിടെയും സഖ്യമുണ്ടാവില്ലെന്ന് എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് വ്യക്തമാക്കി. ഡല്‍ഹിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ ഒറ്റയ്ക്ക് മതി എന്നും ഗോപാല്‍ റായ് പറഞ്ഞു.

ഞങ്ങള്‍ ആദ്യം മുതല്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത് ഡല്‍ഹിയിലെ സഖ്യത്തിന്റെ മാത്രം കാര്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോല്‍പ്പിക്കുന്ന കാര്യമാണ് ഞങ്ങള്‍ പറയുന്നത്. 2014ല്‍ ഞങ്ങള്‍ രാജ്യത്തുടനീളം മത്സരിച്ചിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ 33 സീറ്റിലേയ്ക്ക് മത്സരം ചുരുക്കിയിരിക്കുകയാണ്. കോണ്‍ഗ്രസുമായും പ്രാദേശിക പാര്‍ട്ടകളുമായും സഹകരിക്കാനുള്ള സന്നദ്ധത ഞങ്ങള്‍ അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് താല്‍പര്യം കാണിച്ചില്ല – ഗോപാല്‍ റായ് പറഞ്ഞു.

ഡല്‍ഹിക്ക് സമീപമുള്ള ഹരിയാനയിലെ മൂന്ന് സീറ്റുകളാണ് എഎപി കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത്. ഗുരുഗ്രാം, ഫരീദാബാദ്, കര്‍ണാല്‍ എന്നിവ. എന്നാല്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം ഒരിക്കലും പരിഗണനയിലുണ്ടായിട്ടില്ലെന്നും ഇരു സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായും കോണ്‍ഗ്രസ് വക്താവ് പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സഖ്യത്തിന് അനുകൂലമായി തരത്തില്‍ കോണ്‍ഗ്രസ് മാറിയത് ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിത്ത്വങ്ങള്‍ക്കും ശേഷമാണ്. പിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് ആണ് സഖ്യത്തെ ശക്തമായി എതിര്‍ത്തതാണ് വലിയ തടസമായത്. മുന്‍ പ്രസിഡന്റ് അജയ് മാക്കന്‍ സ്ഥാനമൊഴിഞ്ഞതും എഎപിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ആലോചനകളെ തുടര്‍ന്നാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ സഖ്യമുണ്ടാകില്ല എന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഈ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നു.

പ്രവര്‍ത്തക സമിതി അംഗവും ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ പിസി ചാക്കോ അടക്കമുള്ള നേതാക്കള്‍ എഎപിയുമായി സഖ്യം വേണമെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ആകെയുള്ള ഏഴ് സീറ്റില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ എഎപി തയ്യാറായിരുന്നിട്ടും സഖ്യത്തിന് വിമുഖത കാട്ടിയ കോണ്‍ഗ്രസ് സമീപനം സഖ്യകക്ഷികളില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരെല്ലാം എഎപിയുമായി ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ന്യൂഡല്‍ഹി, ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നീ മൂന്ന് ലോക്‌സഭ സീറ്റുകളാണ് കോണ്‍ഗ്രസ് എഎപിയോട് ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ് മഹാ കണ്‍ഫ്യൂഷനിലാണ് എന്നും ഇത് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ് എന്നും ഗോപാല്‍ റായ് പറയുന്നു. ജിന്ദ് ഉപതിരഞ്ഞെടുപ്പിലെ തെറ്റ് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. പഞ്ചാബില്‍ അവര്‍ പറയുന്നത് അവര്‍ ശക്തരാണെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സഖ്യത്തിന് അനുകൂലമല്ലെന്നുമാണ്. എഎപിയും കോണ്‍ഗ്രസും ജന്‍നായക് ജനത പാര്‍ട്ടിയും (ജെജെപി) ചേര്‍ന്നാല്‍ ഹരിയാനയില്‍ 10 സീറ്റ് നേടാനാകും.

മേയ് 12ന്റെ ആറാം ഘട്ടത്തിലാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. എഎപി ഏഴ് സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിപിച്ച് കഴിഞ്ഞു. എഎപി മാത്രമാണ് ഇതുവരെ ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറെങ്കില്‍ ഡല്‍ഹിയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് ഈ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ എഎപി തയ്യാറാണ്. ഏഴ് മാസത്തോളമായി കോണ്‍ഗ്രസിനോട് എഎപി സഖ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിനോട് സഖ്യം ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് മതിയായി എന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പല പൊതുയോഗങ്ങളിലും പ്രസംഗിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍