കൊല്ലപ്പെട്ടത് ഹരിയാന്‍വി നാടന്‍പാട്ട് ഗായികയായ നാല്‍പതുകാരി മമത ശര്‍മ്മ
ഹരിയാനയില്‍ നിന്നുള്ള ഹരിയാന്‍വി നാടന്‍പാട്ട് ഗായികയായ നാല്‍പതുകാരി മമത ശര്‍മ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ റോത്തക് ജില്ലയിലെ ബനിയാനി ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിന്റെ ജന്മ ഗ്രാമമാണിത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ചില നാട്ടുകാരാണ് കുറ്റിക്കാട്ടില്‍ നിന്നും മമതയുടെ മൃതദേഹം കണ്ടതെന്ന് പോലീസ് പറഞ്ഞു. അവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി.
പോസ്റ്റുമോര്‍ട്ടത്തിനായി ഗായികയുടെ മൃതദേഹം റോത്തക്കിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗൊഹാനയില്‍ ഒരു പരിപാടിക്കായി സഹപ്രവര്‍ത്തകന്‍ മോഹിത് കുമാറിനൊപ്പം ജനുവരി പതിനാലിന് പോയതിന് ശേഷം തന്റെ അമ്മയെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നുവെന്ന് മമത ശര്‍മ്മയുടെ മകന്‍ ഭരത് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഗൊഹാനയിലേക്കുള്ള യാത്രയ്ക്കിടയില്‍ ലാഹ്ലി ഗ്രാമത്തില്‍ വച്ച് മറ്റൊരു കാറില്‍ ചിലര്‍ എത്തുകയും മമത അവരോടൊപ്പം പോവുകയും ചെയ്തുവെന്നാണ് മോഹിത് ശര്‍മ്മയുടെ വിശദീകരണം. കലനൗറിലുള്ള ഒരു സുഹൃത്തിനെ കാണാന്‍ പോവുകയാണെന്നും ഒരു മണിക്കൂറിനുള്ള ഗൊഹാനയില്‍ എത്തുമെന്നും ആണ് അവര്‍ തന്നോട് പറഞ്ഞതെന്നും മോഹിത് വിശദീകരിക്കുന്നു. എന്നാല്‍ അതിന് ശേഷം മമതയെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കലനൗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
അജ്ഞാതരായ ആളുകള്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മറ്റൊരു പ്രശസ്ത ഹരിയാന്‍വി നടന്‍ പാട്ടുഗായകന്‍ ഹര്‍ഷിത് ദഹിയ പാണിപ്പത്തില്‍ വച്ച് വെടിയേറ്റ് മരിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് മമത കൊല്ലപ്പെടുന്നത്. തനിക്ക് വധ, ബലാല്‍സംഗ ഭീഷണികള്‍ ലഭിക്കുന്നതായി മറ്റൊരു ഹരിയാന്‍വി ഗായികയും നര്‍ത്തകിയുമായ ആര്‍തി ബോറിയ ജനുവരി മൂന്ന് പരാതി നല്‍കിയിരുന്നു.