UPDATES

പ്രളയം 2019

ഇടുക്കിയില്‍ എട്ടിടത്ത് ഉരുള്‍പൊട്ടല്‍; മൂന്നാര്‍ വെള്ളത്തില്‍, റോഡുകളും പാലങ്ങളും തകര്‍ന്നു, ഗതാഗത സംവിധാനം താറുമാറായി

കനത്ത മഴ വീണ്ടും ഇടുക്കിയില്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു. ജില്ലയില്‍ പലയിടങ്ങളിലായി ഇതുവരെ എട്ട് ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മണ്ണിടിച്ചിലുകളും ജില്ലയെ ഭീതിയാലാഴ്ത്തിയിട്ടുണ്ട്. അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നതിന്റെ ഭാഗമായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പല വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. മഴയിലും കനത്ത കാറ്റിലും പല വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നു വീണിട്ടുണ്ട്. വീടുകള്‍ അപകടാവസ്ഥ നേരിടുകയാണെന്നാണ് വിവരം. ജില്ലയില്‍ പലഭാഗങ്ങളിലും റോഡ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി,ടെലഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളും പലയിടങ്ങളിലും നിശ്ചാലവസ്ഥയിലാണ്. കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുകയാണ്. ഇരട്ടയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഭാഗീകമായി തുറന്നിട്ടുണ്ട്.

ചെറുതോണി- നേര്യമംഗലം പാതയില്‍ കീരിത്തോട്, വി ടി പടി, തവളപ്പാറ, കോഴിപ്പള്ളി, കുന്തളംപ്പാറ, ചെമ്പകപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ പ്രളയത്തില്‍ വലിയ നാശം സംഭവിച്ച തടിയമ്പാടില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. തടിയമ്പാട് ചപ്പാത്തിന് ഒപ്പം വെള്ളം പൊങ്ങുന്നുണ്ട്. കഴിഞ്ഞ തവണ ചപ്പാത്ത് തകര്‍ന്നു പോയിരുന്നു.

മൂന്നാര്‍, വണ്ടിപ്പെരിയാര്‍ ടൗണുകള്‍ വെള്ളത്തിലായതയാണ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിന്നും അറിയിക്കുന്നത്. മൂന്നാര്‍,ദേവികുളം താലൂക്കുകളില്‍ ബുധനാഴ്ച്ച രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. വെളളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ഭീഷണിയാലാണ് ഈ പ്രദേശങ്ങള്‍. മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടയിലായിട്ടുണ്ട്. പാലങ്ങള്‍ക്കും റോഡുകള്‍ക്കും നാശം ഉണ്ടായിട്ടുണ്ട്. മൂന്നാറില്‍ തുടരുന്ന കനത്ത മഴയില്‍ പെരിയവര പാലം ഒലിച്ച് പോയി. മറയൂരുമായുള്ള ഫോണ്‍-ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിലച്ച അവസ്ഥയാണ്. വണ്ടിപ്പെരിയാര്‍ ടൗണിലും കനത്ത വെള്ളപ്പൊക്കമാണ്.

വ്യാപകമായ രീതിയിലാണ് ജില്ലയില്‍ ഗതാഗത തടസം ഉണ്ടായിരിക്കുന്നത്. മണ്ണിടിഞ്ഞും മരങ്ങള്‍ വീണും റോഡുകള്‍ തകര്‍ന്ന നിലയിലാണ്. ചിന്നക്കനാല്‍ പവര്‍ ഹൗസിനു സമീപം ദേശീയപാത ഇടിഞ്ഞിട്ടുണ്ട്. പൂപ്പാറ തോണ്ടിമലയില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ഉടുമ്പന്‍ചോല നെടുംകണ്ടം സംസ്ഥാന പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാര്‍ അമ്പത്തിയഞ്ചാംമൈല്‍, അമ്പത്തിയേഴാംമൈല്‍ എന്നിവിടങ്ങളില്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസപ്പെട്ടു. രാജാക്കാട്-വെള്ളത്തൂവല്‍ റോഡില്‍ പന്നിയാര്‍ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മാങ്കുളം മേഖലയിലും മണ്ണിടിച്ചിലില്‍ വഴികളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ഇവിടെ ഒരുപാലം ഒലിച്ചുപോവുകയും നാലു വീടുകള്‍ തകര്‍ന്നതായും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചിട്ടുണ്ട്. പീരുമേട് കല്ലാര്‍ ഭാഗതത്ത് കെ കെ റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചുരുളിയില്‍ റോഡ് ഇടിഞ്ഞിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കട്ടപ്പന ബ്ലോക്ക് ഓഫിസിന് സമീപം വന്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പുളിയന്‍മല റോഡില്‍ മരം വീണു ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ജല നിരപ്പ് ഉയര്‍ന്നതോടു കൂടി ഭൂതത്താന്‍കെട്ട്, മലങ്കര ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നതും കനത്ത മഴയും എറണാകുളം ജില്ലയേും ഭീതിയാഴ്ത്തിയിട്ടുണ്ട്. ഇന്നു മുതല്‍ അടുത്ത രണ്ടു ദിവസത്തേക്കു കൂടി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നു രാവിലെ ഭൂതത്താന്‍ കെട്ടില്‍ 11 ഷട്ടറുകളാണ് തുറന്നിരുന്നതെങ്കിലും ജലനിരപ്പ് ഉയര്‍ന്നതോടെ ബാക്കി ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. കുട്ടമ്പുഴ വില്ലേജില്‍ മണികണ്ഠന്‍ ചാല്‍ സി എസ് ഐ പള്ളിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അഞ്ചു കുടുംബങ്ങളെ ഈ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മണികണ്ഠന്‍ ചാലില്‍ 40 വീടുകളുടെ മുകളിലേത്ത് മരങ്ങള്‍ വീഴാറായി നില്‍ക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ തൊടുപുഴ മൂവാറ്റുപുഴ ആറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂവാറ്റുപഴയാറില്‍ 1.5 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍