UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; അജു വര്‍ഗീസിനെതിരേയുള്ള കേസ് റദ്ദാക്കി

നടിയുടെ പേര് വെളിപ്പെടുത്തിയത് സംബന്ധിച്ച് അജു കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതിയ്ക്ക് കൈമാറുകയുമായിരുന്നു.

യുവനടിയെ പീഡിപ്പിച്ച കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്‍റെ പേരിൽ നടൻ അജു വർഗീസിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സുനിൽ തോമസ്സിന്‍റെതാണ് ഉത്തരവ്.

ദുരുദ്ദേശപരമായല്ല പേര് പരാമർശിച്ചതെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും അജു വർഗീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആക്രമണത്തിന് ഇരകളാകുന്നവരെ തിരിച്ചറിയും വിധം പരസ്യപ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നതാണ് നിയമം. എന്നാല്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേര് അജു വര്‍ഗീസ് തന്റെ പ്രതികരണത്തിനിടെ വെളിപ്പെടുത്തുകയായിരുന്നു.

നേരത്തെ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ പരാതിയില്‍ നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചിരുന്നു. നടിയുടെ പേര് സമൂഹ മാധ്യമത്തിലൂടെയായിരുന്നു അജു വെളിപ്പെടുത്തിയത്. കളമശേരി സ്വദേശിയുടെ പരാതിയിലാണ് പോലീസ് അജുവിനെതിരെ കേസെടുത്തത്.

പരാതി റദ്ദാക്കുന്നതിന് അജു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് നടനെ 2017 ഓഗസ്റ്റ് 30 നാണ് രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ അജുവിനെ വിട്ടയച്ചു.

നടിയുടെ പേര് വെളിപ്പെടുത്തിയത് സംബന്ധിച്ച് അജു കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതിയ്ക്ക് കൈമാറുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍