UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങളും കോടതി ഉത്തരവുകളും ഹാജരാക്കാന്‍ എജിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കോടതി വിധി പ്രതികൂലമായാല്‍ സര്‍ക്കാരിന് അത് വലിയ തിരിച്ചടിയാകും.

സ്വശ്രയ മെഡിക്കല്‍ ഫീസും പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീംകോടതി സംരക്ഷിക്കാന്‍ ശ്രമിച്ചവരെപ്പോലും സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലളിതമായി പരിഹരിക്കേണ്ട വിഷയം സങ്കീര്‍ണമാക്കി. എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. പ്രവേശനത്തിനുള്ള ഫീസ് ഘടന കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ്. കുട്ടികളുടേയും രക്ഷിതാക്കളുടേയും അവസ്ഥ ആരും മനസിലാക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. സ്വകാര്യ കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങളും കോടതി ഉത്തരവുകളും ഹാജരാക്കാന്‍ എജിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ നാളെ വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിര്‍ണയിച്ച അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യം ചെയ്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചത് നേരത്തേ ഹൈക്കോടതി ശരി വച്ചിരുന്നു. പ്രവേശനവുമായി മുന്നോട്ടുപോകാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് കോഴിക്കോട് കെഎംസിടി, എറണാകുളം ശ്രീനാരായണ കോളജുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് തള്ളി, 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയ സുപ്രീംകോടതി, കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിയോട് നിര്‍ദ്ദേച്ചു.

ഇതിനിടെ ഫീസ് എത്രയെന്നറിയാതെ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്ക് ശനിയാഴ്ച സര്‍ക്കാര്‍ അലോട്‌മെന്റ് നടത്തിയതിനെതിരെ വിദ്യാര്‍ഥികളും ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. അലോട്‌മെന്റിലെ അപാകതകളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ഹര്‍ജിയും സര്‍ക്കാരിന് തലവേദനയാണ്. അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം സര്‍ക്കാരിന് നിര്‍ണായകമാണ്. കോടതി വിധി പ്രതികൂലമായാല്‍ സര്‍ക്കാരിന് അത് വലിയ തിരിച്ചടിയാകും. മുന്‍ നിശ്ചയ പ്രകാരമുള്ള അഞ്ച് ലക്ഷം രൂപ ഫീസ് ഉയര്‍ന്നാല്‍, നിരവധി വിദ്യാര്‍ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയിലാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍