UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്ററെ നീക്കിയത് ഉടമ ശോഭന ഭാര്‍തിയ മോദിയെ കണ്ടതിന് പിന്നാലെ

ബോബി ഘോഷിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സ്വീകരിച്ചുപോന്നിരുന്ന എഡിറ്റോറിയല്‍ നയത്തിനെതിരെ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ബോബി ഘോഷിനെ നീക്കിയത് എച്ച്ടി ഗ്രൂപ്പ് എഡിറ്റോറിയല്‍ ഡയറക്ടറും കമ്പനി ചെയര്‍പേഴ്‌സണുമായ ശോഭന ഭാര്‍തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണെന്ന് thewire.in റിപ്പോര്‍ട്ട് ചെയ്യുന്നു. ബോബി ഘോഷിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സ്വീകരിച്ചുപോന്നിരുന്ന എഡിറ്റോറിയല്‍ നയത്തിനെതിരെ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ബോബി ഘോഷിന് ഇന്ത്യന്‍ പൗരത്വമില്ലെന്ന വാദം ഉയര്‍ത്തിയും ബിജെപി നേതാക്കള്‍ തങ്ങളുടെ അതൃപ്തി പ്രകടമാക്കി. ടൈം മാഗസിനിലും ക്വാര്‍ട്‌സിലും പ്രവര്‍ത്തിച്ച ശേഷം 2016 മേയിലാണ് ബോബി ഘോഷ് ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത്.

‘ഹേറ്റ് ട്രാക്കര്‍’ പോലെ സംഘപരിവാര്‍ താല്‍പര്യത്തിന് എതിരായ ബോബി ഘോഷിന്റെ എഡിറ്റോറിയല്‍ ഉദ്യമങ്ങള്‍ ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു.

ബോബി ഘോഷ് ഹിന്ദുസ്ഥാന്‍ ടൈംസ് വിടുന്നതായി സെപ്റ്റംബര്‍ 11നാണ് ശോഭന ഭാര്‍തിയ പ്രഖ്യാപിച്ചത്. താന്‍ രാജി വയ്ക്കുന്നതായി ബോബി പ്രഖ്യാപിക്കുകയല്ല ചെയ്തത്. ബോബി ഇത് സംബന്ധിച്ച് യാതൊരു പരസ്യപ്രതികരണങ്ങളും ഇതുവരെ നടത്തിയിട്ടില്ല. ബോബി രാജി വച്ചതാണെന്ന് ശോഭനയും പറയുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം ന്യൂയോര്‍ക്കിലേയ്ക്ക് മടങ്ങുന്നു എന്നാണ് അവര്‍ പറയുന്നത്. ബോബി ഘോഷിനെ മാനേജ്‌മെന്റ് പുറത്താക്കുകയായിരുന്നു എന്ന കാര്യം ഇതില്‍ നിന്ന് വ്യക്തമാണ്.


                                                   ബോബി ഘോഷ്

ജൂലായ് 28നാണ് മതം, ജാതി, വംശം എന്നിവയുടെ പേരിലുള്ള അതിക്രമങ്ങളേയും കുറ്റകൃത്യങ്ങളേയും സംബന്ധിച്ച് ദേശീയ വിവരശേഖരണം ഹേറ്റ് ട്രാക്കര്‍ എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയത്. ഹാഷ് ടാഗ് തുടങ്ങിയത് മുതല്‍ തന്നെ ശക്തമായ എതിര്‍പ്പുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തുണ്ടായിരുന്നു. ഇത്തരം ആക്രമണവുമായി രംഗത്തെത്തിയിരുന്നവരില്‍ പലരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്നുമുണ്ട്.

ബോബി ഘോഷിനെ നീക്കി രണ്ട് ദിവസത്തിനകം ഡല്‍ഹിയിലേയും ബോംബെയിലേയും എഡിറ്റര്‍മാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഹേറ്റ് ട്രാക്കര്‍ ട്വീറ്റുകള്‍ പാടില്ലെന്ന് നിര്‍ദ്ദേശം ലഭിച്ചു. ഹേറ്റ് ട്രാക്കര്‍ ഹാഷ് ടാഗില്‍ അവസാനത്തെ പോസ്റ്റ് വന്നത് സെപ്റ്റംബര്‍ ഒമ്പതിനാണ്. ദളിതനായ വ്യക്തിയെ മോഷണം ആരോപിച്ച് ഭൂവുടമ മരത്തില്‍ കെട്ടിയിട്ട് അടിച്ച വാര്‍ത്തയായിരുന്നു അത്. അതേസമയം ഹേറ്റ് ട്രാക്കര്‍ ബോബി ഘോഷിനെതിരായ നീക്കങ്ങള്‍ക്ക് കാരണമായ പ്രേരണകളില്‍ ഒന്ന് മാത്രമാണ് എന്നാണ് വിലയിരുത്തല്‍. പൊതുവില്‍ മോദി സര്‍ക്കാരിന്‍റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത എഡിറ്റോറിയല്‍ നയം തന്നെയാണ് പ്രശ്‌നം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍