UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“കേരളീയരെ സഹായിക്കാൻ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്”; പ്രളയക്കെടുതിയിൽ സഹായസംരംഭവുമായി യുഎഇ ഭരണാധികാരി

നൂറ്റാണ്ടു കാലത്തിനിടയിൽ കേരളം കണ്ടിട്ടില്ലാത്ത വിധം വലിപ്പമേറിയ പ്രളയമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയക്കെടുതിയെ മറികടക്കാൻ സഹായം ചെയ്യണമെന്ന് തന്റെ ജനങ്ങളോടഭ്യർത്ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം. ഈദിനു മുമ്പ് കേരളത്തെ ഉദാരമായി സഹായിക്കണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തിനിടയിൽ കേരളം കണ്ടിട്ടില്ലാത്ത വിധം വലിപ്പമേറിയ പ്രളയമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുടെ വളർച്ചയുടെയും വിജയത്തിന്റെയും ഭാഗമാണ് കേരളീയരെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇക്കാരണത്താൽ തന്നെ അവരെ സഹായിക്കാൻ തങ്ങൾക്ക് പ്രത്യേക ഉത്തരവാദിത്തവുമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം പറഞ്ഞു. കേരളത്തെ സഹായിക്കാനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ സംരംഭത്തിലേക്ക് എല്ലാവരുടെയും ഉദാരമായ സംഭവാന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം രാജ്യത്തെ സർക്കാർ പോലും അവഗണിക്കുമ്പോൾ ഒരു വിദേശരാജ്യത്തലവൻ കാണിക്കുന്ന അളവറ്റ സ്നേഹത്തോട് നന്ദി പറയുകയാണ് പോസ്റ്റിനടിയിൽ മലയാളികള്‍.

പോസ്റ്റിന്റെ പൂര്‍ണരൂപം

സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്.

ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍