UPDATES

ട്രെന്‍ഡിങ്ങ്

2012ല്‍ സോണിയ എന്നെ പ്രധാനമന്ത്രിയാക്കുമെന്ന് കരുതി: പ്രണബ് മുഖര്‍ജി; എന്നേക്കാള്‍ യോഗ്യന്‍ പ്രണബ്: മന്‍മോഹന്‍ സിംഗ്

പ്രധാനമന്ത്രി സ്ഥാനത്തിന് അദ്ദേഹമായിരുന്നു എന്നേക്കാള്‍ യോഗ്യന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എന്റേതായിരുന്നില്ല.

2012ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാഷ്ട്രപതിയാക്കാനും തന്നെ പ്രധാനമന്ത്രിയാക്കാനുമുള്ള തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എടുക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. The Coalition Years എന്ന പുസ്തകത്തിലാണ് പ്രണബ് മുഖര്‍ജി ഇക്കാര്യം പറയുന്നത്. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്. അതേസമയം പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യതയുണ്ടായിരുന്നത് പ്രണബ് മുഖര്‍ജിക്ക് തന്നെയായിരുന്നെന്ന് മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. പ്രണബിന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് മന്‍മോഹന്‍ ഇക്കാര്യം പറഞ്ഞത്.

2012 ജൂണ്‍ രണ്ടിന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ പല പേരുകളും സാധ്യതകളും, ലഭിക്കാവുന്ന പിന്തുണയും സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. രാഷ്ട്രപതിയാകാന്‍ താനാണ് യോഗ്യനെന്ന് സോണിയ അഭിപ്രായപ്പെട്ടതായി പ്രണബ് പറയുന്നു. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രിയെന്ന നിലയിലെ തന്റെ പങ്ക് എടുത്ത് പറഞ്ഞ സോണിയ മറ്റൊരു പേരു പറയാന്‍ ആവശ്യപ്പെട്ടു. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മറുപടിയും നല്‍കിയാണ് യോഗം പിരിഞ്ഞത്. മന്‍മോഹന്‍ സിംഗിനെ രാഷ്ട്രപതിയായി സ്ഥാനാര്‍ത്ഥിയായി സോണിയ ആലോചിക്കുന്നതായും, അത്തരമൊരു സാഹചര്യത്തില്‍ തന്നെ പ്രധാനമന്ത്രിയാക്കുമെന്നുമുള്ള അവ്യക്തമായ ധാരണയാണ് മടങ്ങുമ്പോള്‍ തന്റെ മനസിലുണ്ടായതെന്ന് പ്രണബ് പറയുന്നു. എന്നാല്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ടതോടെയാണ് കാര്യങ്ങള്‍ മാറിയതെന്ന് അദ്ദേഹം പറയുന്നു. മമത ബാനര്‍ജി രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്, ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരിയുടേയും പ്രണബ് മുഖര്‍ജിയുടേയും പേരുകളാണ്. മമത ഇക്കാര്യം സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവുമായും ചര്‍ച്ച ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷം ഇവര്‍ ഇരുവരും നിര്‍ദ്ദേശിച്ചത് മറ്റ് മൂന്ന് പേരുകളാണ് – എപിജെ അബ്ദുള്‍ കലാം, മന്‍മോഹന്‍ സിംഗ്, സോമനാഥ് ചാറ്റര്‍ജി എന്നിവരെ. അവസാം 2012 ജൂണ്‍ 14ന് പ്രണബ് മുഖര്‍ജിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കൂട്ടായ തീരുമാനമെന്ന് മന്‍മോഹന്‍ സിംഗ് അറിയിക്കുകയായിരുന്നു.

1999-ലെ കോണ്‍ഗ്രസിലെ കലാപത്തിന് പിന്നില്‍ ശരദ് പവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ മോഹമായിരുന്നുവെന്നും പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തുന്നു. 99-ല്‍ പവാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സോണിയക്കെതിരെ നടന്ന കലാപം, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്നതിനെ ചൊല്ലിയായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന പവാറിനെ തഴഞ്ഞ്, കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി, പി. ശിവശങ്കറുമായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഈ ഒറ്റപ്പെടുത്തലും നൈരാശ്യവുമാണ് പവാറിനെ കലാപത്തിന് പ്രേരിപ്പിച്ചത്.

സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ഭിന്നത മാത്രമാണ് തനിക്ക് പി.ചിദംബരവുമായി ഉണ്ടായിരുന്നതെന്ന് പ്രണബ് പറയുന്നു. ശക്തമായ നിലപാടുകളുള്ളത് മൂലം ചിദംബരം ധാര്‍ഷ്ട്യക്കാരനെന്ന് തോന്നുമെന്നും മുന്‍ രാഷ്ട്രപതി കുറിക്കുന്നു. അതേസമയം മുംബയ് ഭീകരാക്രമണത്തെ തുടര്‍ന്ന് ശിവരാജ് പാട്ടീലിനെ മാറ്റി തന്നെ ആഭ്യന്തര മന്ത്രിയാക്കാനാണ് സോണിയ താല്‍പര്യപ്പെട്ടിരുന്നതെന്നും എന്നാല്‍ മന്‍മോഹന്‍ സിംഗ് ഇതിനോട് വിയോജിച്ചതിനാല്‍ ചിദംബരത്തിന് ആഭ്യന്തര വകുപ്പ് നല്‍കുകയായിരുന്നു എന്നും പ്രണബ് മുഖര്‍ജി പറയുന്നു. മുംബയ് ആക്രമണത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ശിവരാജ് പാട്ടീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിദംബരം രംഗത്തെത്തിയിരുന്നു. താനാണ് പാട്ടീലിനെതിരായ അമര്‍ഷം കുറക്കാന്‍ ശ്രമിച്ചത്.

അതേസമയം പ്രധാനമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതില്‍ പ്രണബ് മുഖര്‍ജിക്ക് വിഷമം ഉണ്ടാവാനുള്ള എല്ലാ കാരണവുമുണ്ടെന്ന് മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കോണ്‍ഗ്രസുകാരിലൊരാളും മികച്ച പാര്‍ലമെന്റേറിയനുമാണ് പ്രണബെന്ന് മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. 1970കളില്‍ ധനമന്ത്രാലയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. 2004ല്‍ സോണിയ ഗാന്ധി തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ മികച്ച സഹപ്രവര്‍ത്തകനായി പ്രണബ് ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തിന് അദ്ദേഹമായിരുന്നു എന്നേക്കാള്‍ യോഗ്യന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എന്റേതായിരുന്നില്ല. എനിക്ക് ഇക്കാര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് സാധ്യമാകുമായിരുന്നില്ല. അക്കാര്യം പ്രണബിനും അറിയാമായിരുന്നുവെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഡിഎംകെ നേതാവ് എംകെ കനിമൊഴി തുടങ്ങിയ നേതാക്കളും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍