UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദി ‘ബൂട്ട്’ അഴിക്കുന്ന ദിവസം ഞാന്‍ രാഷ്ട്രീയം വിടും: സ്മൃതി ഇറാനി

അമേഥിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ശക്തമാക്കിട്ടുണ്ടെങ്കിലും മത്സരിക്കുന്നത് സംബന്ധിച്ച വ്യക്തമായ സൂചനകളൊന്നും സ്മൃതി ഇറാനി നല്‍കിയില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബൂട്ട് അഴിക്കുന്ന (രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തുന്ന) ദിവസം താന്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി സ്മൃതി ഇറാനി. പൂനെയില്‍ വേര്‍ഡ്‌സ് ഫെസ്റ്റിവലില്‍ (വേര്‍ഡ്‌സ് കൗണ്ട്) സംസാരിക്കവേയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. അതേസമയം അമേഥിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ശക്തമാക്കിട്ടുണ്ടെങ്കിലും മത്സരിക്കുന്നത് സംബന്ധിച്ച വ്യക്തമായ സൂചനകളൊന്നും സ്മൃതി ഇറാനി നല്‍കിയില്ല. എല്ലാവര്‍ക്കും അറിയേണ്ടത് അമേഥിയില്‍ ഞാന്‍ ഇത്തവണ മത്സരിക്കുമോ എന്നാണ്. പരിപാടിയുടെ പേര് വേര്‍ഡ്‌സ് കൗണ്ട് എന്നാണല്ലോ. അത് തന്നെയാണ് പറയാനുള്ളത് അമിത് ഷായുടെ തീരുമാനമാണ് കാര്യം (Amit Shah’s word counts) – സ്മൃതി ഇറാനി പറഞ്ഞു. സ്മൃതി ഇറാനി എന്നെങ്കിലും പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.

ഊര്‍ജ്ജസ്വലരായ എബി വാജ്‌പേയിയേയും നരേന്ദ്ര മോദിയേയും പോലുള്ള നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴഞ്ഞത് ഭാഗ്യമായി കാണുന്നു. നരേന്ദ്ര മോദി ബൂട്ടഴിക്കുന്ന ദിവസം ഞാന്‍ ഇന്ത്യന്‍ രാഷ്ട്രീയം വിടും. രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പാര്‍ലമെന്റിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. നരേന്ദ്ര മോദിയാണ് എന്നെ എംപിയാക്കിയത്. ഗുജറാത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് സമയത്ത് മോദി എന്റെ പേര് നിര്‍ദ്ദേശിച്ചു. ഞാന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ല. ടെക്‌സ്റ്റൈല്‍സ് മന്ത്രിയായപ്പോള്‍ പല പദ്ധതികളും 10 മുതല്‍ 20 ശതമാനം വരെ മാത്രമാണ് നടപ്പാക്കപ്പെടുന്നത് എന്ന് മനസിലായി. എല്ലാ പദ്ധതികളും പൂര്‍ണമായും നടപ്പാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ എനിക്ക് കഴിഞ്ഞു.

എന്നെ പല സെലിബ്രിറ്റി മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ട്രോളുന്നുണ്ട്. എന്നെക്കുറിച്ച് ലൈംഗികച്ചുവയുള്ള കാര്യങ്ങള്‍ പറഞ്ഞും അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇതെല്ലാം മാനസികമായി തളര്‍ത്തി പൊതുജീവിതം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് – സ്മൃതി ഇറാനി പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ മിസിസ് വാദ്ര എന്നാണ് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ഈ രാജ്യത്ത് ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അവകാശമുണ്ടെന്നും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സ്മൃതി പറഞ്ഞു. പ്രിയങ്കയെ ഒരു വിമാന യാത്രയ്ക്കിടെ കണ്ടിരുന്നതായും അവര്‍ ഒന്നും സംസാരിച്ചില്ലെന്നും താന്‍ സ്മൃതി ഇറാനിയാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു. സ്്മൃതി ഇറാനിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആര് എന്നായിരുന്നു പ്രിയങ്കയുടെ തിരിച്ചുള്ള ചോദ്യം. കോണ്‍ഗ്രസ് ഇത്രകാലം പ്രതിനിധീകരിച്ചിട്ടും അമേഥിയില്‍ ഒരു സിനിമ തീയറ്റര്‍ പോലുമില്ല – സ്മൃതി കുറ്റപ്പെടുത്തി. 33 ശതമാനം വനിത സംവരണത്തെ ബിജെപി പിന്തുണക്കുന്നതായും അതേസമയം കഴിവാണ് സീറ്റ് നല്‍കാനുള്ള മാനദണ്ഡമെന്നും സ്മൃതി ഇറാനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍