UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൈനയെ അണക്കെട്ട് പണിയാന്‍ അനുവദിച്ചാല്‍ നേപ്പാളില്‍ നിന്നും വൈദ്യുതി വാങ്ങില്ലെന്ന് ഇന്ത്യ

നേപ്പാളിൽ വർധിച്ചുവരുന്ന ചൈനീസ് ഇടപെടലില്‍ ഇന്ത്യയുടെ അതൃപ്തി ചര്‍ച്ചചെയ്യപ്പെടുന്നതിനിടയില്‍ നേപ്പാൾ പ്രധാനമന്ത്രി കെപി ഒലി ഇന്ത്യയില്‍ എത്തി

നേപ്പാളിൽ വർധിച്ചുവരുന്ന ചൈനീസ് ഇടപെടലില്‍ ഇന്ത്യയുടെ അതൃപ്തി ചര്‍ച്ചചെയ്യപ്പെടുന്നതിനിടയില്‍ നേപ്പാൾ പ്രധാനമന്ത്രി കെപി ഒലി ഇന്ത്യയില്‍ എത്തി. നേപ്പാളിൽ എത്ര അണക്കെട്ടുകൾ പണിയാനും ചൈനയ്ക്ക് അനുവാദം കൊടുത്തോളൂ, എന്നാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യ വാങ്ങില്ലെന്ന് മോദി ഒലിയെ അറിയിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയതു.

നേപ്പാളിലെ ബുധി ഗൻഡാകി നദിയിൽ 2.5 ബില്യൻ യുഎസ് ഡോളർമുടക്കി ചൈന നിര്‍മ്മിക്കുന്ന അണക്കെട്ടാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ക്ക് വഴിവെക്കുന്നത്. നേരത്തെ, പ്രചണ്ഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ പദ്ധതി നിർമാണം ചൈനക്ക് നൽകിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയായി വന്ന നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷേർ ബഹദൂർ ദൗബ ആ കരാര്‍ റദ്ദാക്കി. ദൗബ പദ്ധതി റദ്ദാക്കിയത് ഇന്ത്യയുടെ സമ്മർദം മൂലമാണെന്ന് വാർത്തകളുണ്ടായിരുന്നു. പിന്നീട് ഒലി നേതൃത്വം ഏറ്റെടുത്തതോടെയാണ് പദ്ധതി ചൈനക്ക് തന്നെ കൈമാറാൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം ഒരു ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പദ്ധതി പൊടിതട്ടിയെടുക്കാൻ ആലോചിക്കുന്നതായി ഇപ്പോഴത്തെ പ്രധാനമന്ത്രി ഒലി വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളോ എതിരാളികളായ കമ്പനികളിൽനിന്നുള്ള സമ്മർദമോ ആകാം നേരത്തെ പദ്ധതി റദ്ദാക്കാൻ കാരണമെന്നും, എന്തുവന്നാലും ബുധി ഗൻഡാകി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നേപ്പാള്‍ വലിയ വിലയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജലവൈദ്യുതിയിലാണു നേപ്പാളിന്‍റെ പ്രധാന ശ്രദ്ധയെന്നും ഒലി പറഞ്ഞിരുന്നു. അതേസമയം, കിഴക്കൻ നേപ്പാളിലെ സങ്ഖുവസഭ ജില്ലയിലെ 900 മെഗാവാട്ട് അരുൺ–മൂന്ന് ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം മോദിയും ഒലിയും ഇന്നു ന്യൂഡൽഹിയിൽ നിർവഹിക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യക്ക് വാങ്ങാനും സാധിക്കും.

“ചൈനീസ് നിർമ്മിത പദ്ധതിയിൽ നിന്ന് ഇന്ത്യക്ക് വൈദ്യുതി വാങ്ങാനാവില്ല. ഡാമുകൾ നിർമ്മിക്കാൻ ചൈനയുടെ സഹായം സ്വീകരിക്കുന്ന നേപ്പാൾ അവിടെനിന്ന് നിർമ്മിക്കുന്ന വൈദ്യുതി അവര്‍ക്ക് തന്നെ വില്‍ക്കേണ്ടി വരും” സര്‍ക്കാര്‍ പ്രധിനിധി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍