UPDATES

സിനിമാ വാര്‍ത്തകള്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്രമേള. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു ദിവസം കുറവാണ് ഇത്തവണ മേള.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് പാസിനുള്ള തുകയായ 2000 രൂപ മന്ത്രി എ കെ ബാലന് നല്‍കി ആദ്യ പാസ് സ്വീകരിച്ചാണ് ഉദ്ഘാടനം. ഈ മാസം ഒന്ന് മുതല്‍ ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഡെലിഗേറ്റ് പാസിന് 2000 രൂപ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈനായി 7500 പാസുകള്‍ നല്‍കാനാണ് തീരുമാനം. അത്രയും പാസുകള്‍ അവസാനിക്കുന്നതോടെ വെബ്‌സൈറ്റ് ക്ലോസ് ചെയ്യുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.

ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ റീജണല്‍ ഓഫീസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. മുഴുവന്‍ കേന്ദ്രങ്ങളും വഴി ഓഫ്‌ലൈനായി 2500 പാസുകളാണ് വിതരണം ചെയ്യുക. ഓരോ റീജണല്‍ കേന്ദ്രം വഴിയും 500 പാസുകളാണ് നല്‍കുക. ഇതില്‍ തിരുവനന്തപുരം കേന്ദ്രം വഴിയുള്ള ഓഫ്‌ലൈന്‍ പാസുകളെല്ലാം ഇതിനകം നല്‍കിക്കഴിഞ്ഞു.

ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്രമേള. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു ദിവസം കുറവാണ് ഇത്തവണ മേള. ഒരു പാസിന് 2000 രൂപ ഈടാക്കുന്നത് വഴി ആകെ രണ്ടു കോടി ശേഖരിക്കുകയാണ് ലക്ഷ്യം.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാണ് രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതെങ്കിലും സിനിമകളുടെ എണ്ണത്തിൽ കുറവുണ്ടാകില്ല എന്ന് നേരത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അറിയിച്ചിരുന്നു. ചലച്ചിത്ര സംഘടനാ പ്രവർത്തകർ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാസ് എടുത്തു സഹകരിക്കണമെന്നും ആർക്കും ഇത്തവണ സൗജന്യ പാസ് ഇല്ലെന്നും നേരത്തെ ചലച്ചിത്ര അക്കാദമി അറിയിച്ചിരുന്നു.

എല്ലാ തിയ്യേറ്ററുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി പെട്ടികൾ സ്ഥാപിക്കും. താൽപ്പര്യമുള്ള ചലച്ചിത്ര പ്രേമികൾക്കും ചലച്ചിത്ര പ്രവർത്തകർക്കും പണം നൽകാം.

കിം കി ഡുക് ഈ വീടിന്റെ ഐശ്വര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍