UPDATES

വിദേശം

ഇന്ത്യ സാങ്കല്‍പിക ശത്രുവിനോട് യുദ്ധം ചെയ്യുന്നു, ബഹിരാകാശം സൈനികവല്‍ക്കരിക്കാന്‍ ഞങ്ങളില്ല, ഇന്ത്യന്‍ നേട്ടത്തോട് പ്രതികരിച്ച് പാകിസ്താന്‍

ബഹിരാകാശത്തെ ആയുധ മല്‍സരത്തിനെതിരെ നിലകൊണ്ടവരാണ് ഇപ്പോള്‍ നിലപാട് മാറ്റിയതെന്ന് പാകിസ്താന്‍

ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരിക്ഷിച്ച ഇന്ത്യയോട് രൂക്ഷമായി പ്രതികരിച്ച് പാകിസ്താന്‍. ബഹിരാകാശം സൈനികവല്‍ക്കരിക്കാനുള്ള നീക്കത്തില്‍നിന്ന് രാജ്യങ്ങള്‍ പിന്മാറണമെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.
ബഹിരാകാശത്തെ ആയുധ മല്‍സരത്തിനെതിരെ നിലകൊണ്ട രാഷ്ട്രങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അതിന് മുന്നിട്ടിറങ്ങുന്നതെന്ന് ഇന്ത്യയെ പേരെടുത്ത് പറയാതെ പാകിസ്താന്‍ കുറ്റപ്പെടുത്തി. കാറ്റാടി യന്ത്രത്തോട് പോരാടിക്കുന്ന ഡോണ്‍ ക്വിക്ക്‌സോട്ട് എന്ന കഥാപാത്രത്തെ പോലെയാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നവരെന്ന് പാകിസ്താന്‍ പരിഹസിച്ചു.

ബഹിരാകാശമെന്നത് മനുഷ്യകുലത്തിന്റെ പൊതു സ്വത്താണ്. അവിടം സൈനിക മത്സരത്തിന്റെ വേദിയാക്കരുത്. ബഹിരാകാശമേഖലയില്‍ സായുധ മല്‍സരം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് പാകിസ്താന്‍ ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് ഉപഗ്രഹ വേധ മിസൈല്‍ വികസിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെത് ചട്ട ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

യുപിഎ കാലത്ത് തന്നെ സ്വായത്തമാക്കിയ സാങ്കേതികവിദ്യയാണ് കഴിഞ്ഞ ദിവസം പ്രയോഗിച്ചതെന്നും ഇതിനെ എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നുമാണ് പൊതുവില്‍ വിമര്‍ശനം ഉയര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍