UPDATES

‘മേഡ് ഇന്‍ അമേഥി’ തോക്കുകള്‍ ഉടന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച് തുടങ്ങും: രാഹുലിനോട് മോദി

എകെ 47ന്റെ ആധുനീകരിച്ച രൂപമാണ് എകെ 203. ഈ പദ്ധതി എട്ട് – ഒമ്പത് വര്‍ഷം മുമ്പ് തന്നെ തുടങ്ങേണ്ടിയിരുന്നതാണ് എന്നും മുന്‍ സര്‍ക്കാരുകള്‍ വൈകിക്കുകയായിരുന്നു എന്നും മോദി ആരോപിച്ചു.

അമേഥിയില്‍ നിര്‍മ്മിക്കുന്ന തോക്കുകള്‍ ഉടന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഥിയിലെ കോര്‍ബിയില്‍ എകെ 203 തോക്കുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിനെ പരിഹസിച്ചുകൊണ്ട് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ സായുധസേനകള്‍ക്ക് മേഡ് ഇന്‍ അമേഥി റൈഫിളുകള്‍ ഉടന്‍ ഉപയോഗിക്കാനാകും എന്ന് മോദി അവകാശപ്പെട്ടു.

ലോകത്തെ തന്നെ ഏറ്റവും ആധുനിക തോക്കുകളായ എകെ 203 അമേഥിയില്‍ നിര്‍മ്മിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യ – റഷ്യ സംയുക്ത സംരംഭത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, അമേഥിയില്‍ രാഹുലിന്റെ എതിരാളിയായിരുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

എകെ 47ന്റെ ആധുനീകരിച്ച രൂപമാണ് എകെ 203. ഈ പദ്ധതി എട്ട് – ഒമ്പത് വര്‍ഷം മുമ്പ് തന്നെ തുടങ്ങേണ്ടിയിരുന്നതാണ് എന്നും മുന്‍ സര്‍ക്കാരുകള്‍ വൈകിക്കുകയായിരുന്നു എന്നും മോദി ആരോപിച്ചു. സേനകളുടെ കാര്യത്തിലും രാജ്യ സുരക്ഷയുടെ കാര്യത്തിലും മുന്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു പരിഗണനയുമില്ലാതിരുന്നതാണ് ഇതിന് കാരണമെന്നും മോദി കുറ്റപ്പെടുത്തി. 2009ല്‍ 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ആര്‍മി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2014 വരെ അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ഇത് വാങ്ങിയില്ല. ഇപ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി റാഫേല്‍ കരാര്‍ തടയുന്നു. റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ പാകിസ്താനില്‍ ഭീകര ക്യാമ്പുകള്‍ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ആക്രമണം കൂടുതല്‍ ശക്തമാകുമായിരുന്നു എന്ന മോദിയുടെ പ്രസ്താവന വിവാദമായിരുന്നു.

അമേഥിയില്‍ നമ്മള്‍ ഇതുവരെ തിരഞ്ഞെടുപ്പുകള്‍ തോറ്റിരിക്കാം. എന്നാല്‍ നമ്മള്‍ ഹൃദയങ്ങള്‍ കീഴടക്കി. ഈ മേഖലയുടെ വികസനത്തിനായി സ്മൃതി കഴിഞ്ഞ അഞ്ച് വര്‍ഷം കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. നിങ്ങള്‍ അവരെ ജയിപ്പിച്ചോ തോല്‍പ്പിച്ചോ എന്ന് നോക്കി അവര്‍ എപ്പോളെങ്കിലും നിങ്ങളോട് പെരുമാറിയിട്ടുണ്ടോ – മോദി ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍