UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്താരാഷ്ട്ര നീതിന്യായ കോടതി തിരഞ്ഞെടുപ്പ്: ബ്രിട്ടന്‍ പിന്മാറി, ഇന്ത്യ ജയിച്ചു

ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടന്റെ പ്രതിനിധിയില്ലാതെ അന്താരാഷ്ട്ര നീതി ന്യായക്കോടതി പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്ത്യ നാമനിര്‍ദ്ദേശം ചെയ്ത ഡല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് (ഐസിജെ) തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാമത്തേയും അവസാനത്തേതുമായ ഒഴിവിലേക്കാണ് ഭണ്ഡാരി തിങ്കളാഴ്ച വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം കുല്‍ഭൂഷണ്‍ യാദവ് കേസ് അന്താരാഷ്ട്ര കോടതിയില്‍ വിചാരണക്കെത്തുന്ന സാഹചര്യത്തില്‍ ഭണ്ഡാരിയുടെ തിരഞ്ഞെടുപ്പ് ഇന്ത്യ നേടിയ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു.

പൊതുസഭയില്‍ മൊത്തമുള്ള 193 വോട്ടുകളില്‍ 183 വോട്ടും സുരക്ഷ സമിതിയിലെ മൊത്തമുള്ള പതിനഞ്ച് വോട്ടുകളും നേടിയയാണ് ദല്‍വീര്‍ ഭണ്ഡാരി വിജയിച്ചത്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് രണ്ട് വോട്ടെടുപ്പുകളും ഓരേ സമയം വ്യത്യസ്തമായാണ് നടന്നത്. യുഎന്‍ ആസ്ഥാനത്ത് നടന്ന നാടകീയരംഗങ്ങള്‍ക്ക് ഒടുവിലാണ് മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ യുകെ തയ്യാറായത്. ബ്രിട്ടന്റെ സ്ഥാനാര്‍ത്ഥി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് ആദ്യ ഘട്ടങ്ങളില്‍ ശക്തമായ മത്സരമായിരുന്നു ഉയര്‍ത്തിയത്. സുരക്ഷ കൗണ്‍സിലിലെ നാല് സ്ഥിരാംഗങ്ങളായ യുഎസ്എ, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ ഗ്രീന്‍വുഡിനെ പിന്തുണയ്ക്കും എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. സുരക്ഷ സമതിയിലെ അഞ്ചാമത്തെ സ്ഥിരാംഗം യുകെയാണ്.

വോട്ടെടുപ്പിന്റെ പതിന്നൊന്നാം റൗണ്ടില്‍ പൊതുസഭയില്‍ നിന്നും ഭണ്ഡാരിക്ക് മുന്നില്‍ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ സുരക്ഷ കൗണ്‍സിലില്‍ ഗ്രീന്‍വുഡിന് ഒമ്പത് വോട്ടുകളും ഭണ്ഡാരിക്ക് അഞ്ച് വോട്ടുകളുമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായപ്പോഴാണ് പിന്‍വാങ്ങാനുള്ള സന്നദ്ധത അറിയിച്ച് യുകെ സ്ഥാനാര്‍ത്ഥി പൊതുസഭയുടെയും സുരക്ഷ സമിതിയുടെയും പ്രസിഡന്റുമാര്‍ക്ക് കത്തയച്ചത്. തുടര്‍ന്നുള്ള റൗണ്ടുകളിലും ഈ അനിശ്ചിതത്വം തുടരും എന്ന് തിരച്ചറിഞ്ഞായിരുന്നു ഗ്രീന്‍വുഡിന്റെ പിന്‍മാറ്റം. അദ്ദേഹത്തിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ഭണ്ഡാരി ഏക സ്ഥാനാര്‍ത്ഥിയായി മാറിയതിനെ തുടര്‍ന്ന് ഔപചാരിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഐക്യരാഷ്ട്രസഭയിലും ആഗോളതലത്തിലും ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്ന് ജസ്റ്റിസ് ഭണ്ഡാരിയെ അഭിനന്ദിച്ചുകൊണ്ട് യുകെ വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടന്റെ പ്രതിനിധിയില്ലാതെ അന്താരാഷ്ട്ര നീതി ന്യായക്കോടതി പ്രവര്‍ത്തിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍