UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ സമുദ്രത്തില്‍ കുടുങ്ങിയ നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ രണ്ട് യുദ്ധ കപ്പലുകളും ഒരു വിമാനവും

ഏറ്റവും അടുത്തുള്ള കപ്പലുകള്‍ പോലും എത്തിച്ചേരാന്‍ അഞ്ച് ദിവസമെടുക്കുന്ന മേഖലയിലാണ് നിലവില്‍ അഭിലാഷ് ടോമിയുടെ സെയ്‌ലിംഗ് ബോട്ടുള്ളത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ സമുദ്രത്തില്‍ ഒറ്റപ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ രണ്ട് യുദ്ധ കപ്പലുകളും ഒരു വിമാനവും ഇന്ത്യന്‍ നേവി അയച്ചു. 14 ഉയരത്തിലുള്ള തിരകളും മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റുമാണ് മേഖലയിലുള്ളത്. സോളോ സൈലിംഗില്‍ (ഒറ്റക്കുള്ള സമുദ്ര സഞ്ചാരം) പ്രശസ്തനായ, നേവി കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല. എമര്‍ജന്‍സി ടെക്സ്റ്റിംഗ് യൂണിറ്റിന്റെ ബാറ്ററി തീര്‍ന്നുകൊണ്ടിരിക്കുന്നു. ഏറ്റവും അടുത്തുള്ള കപ്പലുകള്‍ പോലും എത്തിച്ചേരാന്‍ അഞ്ച് ദിവസമെടുക്കുന്ന മേഖലയിലാണ് നിലവില്‍ അഭിലാഷ് ടോമിയുടെ സെയ്‌ലിംഗ് ബോട്ടുള്ളത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കന്യാകുമാരിയില്‍ നിന്ന് 2700 നോട്ടിക്കല്‍ മൈലും ഓസ്ട്രലിയയിലെ പെര്‍ത്തില്‍ നിന്ന് 1900 നോട്ടിക്കല്‍ മൈലും അകലെയാണ് നിലവില്‍ അഭിലാഷ് ടോമി.

തുരിയ സെയ്‌ലിംഗ് ബോട്ട് അപകടത്തില്‍ പെട്ട് പരിക്കേറ്റ നിലയിലാണ് അഭിലാഷ് ടോമി. ബാക്ക് അപ്പായി വച്ചിരിക്കുന്ന സാറ്റലൈറ്റ് ഫോണും ടെക്‌സ്ടിംഗ് യൂണിറ്റും വിഎച്ച്എഫ് റേഡിയോയും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് 39കാരനായ അഭിലാഷ് ടോമി നിലവില്‍. “നടക്കാന്‍ വളരെ ബുദ്ധിമുട്ടായ അവസ്ഥയിലാണ്. ടെക്സ്റ്റിംഗ് യൂണിറ്റനടുത്തെത്താനോ മറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാനോ പറ്റുന്ന അവസ്ഥയിലല്ല. ഓണ്‍ലൈന്‍ ജിജിആര്‍ ട്രാക്കറിന് ടോമിയുടെ ബോട്ടിലെ എക്‌സ്‌റ്റേണല്‍ ട്രാക്കിംഗ് യൂണിറ്റില്‍ നിന്ന് പൊസിഷന്‍ ഡാറ്റ ലഭ്യമാകുന്നുണ്ടെന്ന് ജിജിആര്‍ (ഗോള്‍ഡന്‍ ഗ്ലോബല്‍ റേസ്‌) വെബ്‌സൈറ്റ് പറയുന്നു. എന്നാല്‍ ബാറ്ററിയിലേയ്ക്കുള്ള പവര്‍ ലിങ്ക് തകരാറിലായിരിക്കുന്നു.

ചേതക് ഹെലികോപ്റ്ററടക്കം ഐഎന്‍എസ് സത്പുര എന്ന കപ്പല്‍, ഐഎന്‍എസ് ജ്യോതി എന്ന കപ്പല്‍, പി8ഐ വിമാനം എന്നിവയാണ് അഭിലാഷ് ടോമിയെ രക്ഷിക്കുന്നതിനായി നേവി അയച്ചിരിക്കുന്നത്. കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ റെസ്‌ക്യു കോഡിനേഷന്‍ സെന്റര്‍, ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പും ഇന്ത്യന്‍ നേവിയും മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് ഫിഷറീസ് ബോട്ടും മേഖലയിലേയ്‌ക്കെത്തും.

ഒറ്റയ്ക്ക് ലോകം ചുറ്റി സമുദ്രസഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി 2013ല്‍ അഭിലാഷ് ടോമി റെക്കോര്‍ഡ് കുറിച്ചിരുന്നു. കീര്‍ത്തിചക്ര പുരസ്‌കാരം നേടിയിട്ടുള്ള അഭിലാഷ് ടോമി, നിലവില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് 2018ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ടിരിക്കുകയാണ്. പായ് വഞ്ചിയില്‍ ലോകം ചുറ്റി തുടങ്ങിയിടത്ത് തിരിച്ചെത്തുന്ന മത്സരമാണിത്. ഫ്രാൻസിലെ സാബ്ലെ ദൊലോനിൽ നിന്നുമാണ് മത്സരം തുടങ്ങിയത്. ജൂലായ് ഒന്നിന് തുടങ്ങിയ മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ടോമി. 11 പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി മത്സരത്തില്‍ പങ്കെടുത്തിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍