UPDATES

ഓഫ് ബീറ്റ്

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ശവസംസ്കാരത്തിന് കൊണ്ടുവന്ന കുഞ്ഞ് ജീവനോടെ….

കുഞ്ഞിന്റെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്.

മരിച്ചെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച 22 ആഴ്ച പ്രായമുള്ള കുഞ്ഞിന് ജീവനുണ്ടെന്ന് ശവസംസ്‌കാരത്തിന് തൊട്ടുമുമ്പ് കണ്ടെത്തി. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, കുഞ്ഞ് മരിച്ചതായി ഞായറാഴ്ചയാണ് വിധിയെഴുതിയത്. അഞ്ചൂറ് ഗ്രാമില്‍ താഴെ മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിന്റെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. സംഭവം സത്യമാണെന്ന് സഫ്ദര്‍ജംഗ് ആശുപത്രി സൂപ്രണ്ട് ഡോ ഏകെ റായ് അറിയിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും അശ്രദ്ധ സംഭവിച്ചെന്ന് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്തുകൊണ്ടാണ് കുട്ടി മരിച്ചുവെന്ന് വിധിയെഴുതിയതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കുട്ടിക്ക് 460 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നതെന്നും അത്തരം കുട്ടികള്‍ അതിജീവിക്കില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ മാര്‍ഗ്ഗരേഖകള്‍ പറയുന്നതെന്നും ഡോ റായ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും വിഴ്ച പറ്റിയിട്ടില്ലെന്നും കുട്ടി കരയുകയോ അനങ്ങുകയോ ചെയ്തിരുന്നില്ലെന്നും ഡോ റായ് വിശദീകരിക്കുന്നു. കുട്ടി ശ്വാസോച്ഛാസം ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഒരു അടച്ച കവറില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് അച്ഛന്‍ പറയുന്നു. ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നതിനിടയിലാണ് കുട്ടിയുടെ കൈകാലുകള്‍ അനങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കവര്‍ തുറന്നു നോക്കിയപ്പോള്‍ കുട്ടി ശ്വാസോച്ഛാസം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുട്ടിക്ക് ജീവനുണ്ടെന്ന് സ്ഥിതീകരിക്കുകയുമായിരുന്നു.

പൊലീസിലും വിവരം അറിയിച്ചിരുന്നു. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇതൊരു അബോര്‍ഷന്‍ കേസാണെന്നും കുട്ടി അതിജീവിക്കാന്‍ ഒരു സാധ്യതയുമില്ലെന്നുമാണ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പ്രതിമ മിത്തല്‍ പറയുന്നത്. രക്തസ്രാവവുമായാണ് കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തിയതെന്നും ലോകാരോഗ്യസംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഇത് അബോര്‍ഷന്‍ കേസായി പരിഗണിക്കുകയാണ് ഉണ്ടായതെന്നും അവര്‍ പറയുന്നു. കുട്ടി അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്നും എന്നാല്‍ മരണം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആശുപത്രി ജീവനക്കാര്‍ക്ക് കുറച്ചുനേരം കൂടി കാത്തിരിക്കാമായിരുന്നവെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍