UPDATES

ട്രെന്‍ഡിങ്ങ്

“നിങ്ങള്‍ അരക്ഷിതനായ സ്വേച്ഛാധിപതിയാണ് മോദിജീ, ഇന്ത്യയെ പൊലീസ് സ്റ്റേഷനാക്കി രക്ഷപ്പെടാനാവില്ല” രാഹുല്‍ ഗാന്ധി

വ്യക്തികളുടെ കംപ്യൂട്ടര്‍ വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷിക്കാനും രാജ്യത്തെ 10 അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

രാജ്യത്തെ പൊലീസ് സ്റ്റേഷനാക്കിയതുകൊണ്ട് നിങ്ങളുടെ പ്രശ്‌നങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. മോദിജീ, നിങ്ങളെന്തൊരു അരക്ഷിതനായ സ്വേച്ഛാധിപതിയാണ് എന്ന് മാത്രമാണ് 100 കോടി ഇന്ത്യക്കാര്‍ക്ക് ഇതിലൂടെ മനസിലാകുക – കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ്. വ്യക്തികളുടെ കംപ്യൂട്ടര്‍ വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷിക്കാനും രാജ്യത്തെ 10 അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

അതേസമയം 2009ല്‍ യുപിഎ കാലത്തെ ചട്ട പ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും പ്രതിപക്ഷം അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വാദിച്ചു. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. ഊതിപ്പെരുപ്പിച്ച് ഇല്ലാത്ത പ്രശ്‌നമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് എന്ന് ജയ്റ്റ്‌ലി ആരോപിച്ചു.

ദേശീയ സുരക്ഷാ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയത് എന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2009ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരമാണിത്. ഓരോ പരിശോധനയും ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനവും അംഗീകാരവും പ്രകാരം മാത്രമേ നടക്കൂ എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മൗലികാവകാശമായ സ്വകാര്യതയെ മോദി സര്‍ക്കാര്‍ പരിഹസിക്കുകയും അതിനെ അധിക്ഷേപിക്കുകയുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇപ്പോള്‍ നാട്ടുകാരുടെ കംപ്യൂട്ടര്‍ വിവരം തപ്പിയിറങ്ങിയിരിക്കുകയാണെന്നും സൂര്‍ജെവാല പരിഹസിച്ചു.

എന്തുകൊണ്ടാണ് എല്ലാ ഇന്ത്യക്കാരേയും ക്രിമിനലുകളായി കാണുന്നത് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. ടെലിഫോണ്‍ ടാപ്പിംഗ് ചട്ടങ്ങള്‍, സുപ്രീം കോടതിയുടെ സ്വകാര്യത വിധി, ആധാര്‍ വിധി ഇതിനെല്ലാം വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് യെച്ചൂരി പറഞ്ഞു.

ഇനി സ്വകാര്യത വേണ്ടെന്ന് കേന്ദ്രം; എല്ലാവരുടേയും കംപ്യൂട്ടറുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍